മന്ത്രി മുനീറിന്റെ ഭാര്യയ്ക്ക് വധ ഭീഷണി ; രണ്ട് പേർ അറസ്റ്റിൽ

single-img
18 April 2012

കോഴിക്കോട് : എം.കെ.മുനീറിന്റെ ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയതായി പരാതി.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആദ്യം ഫോൺ കോൾ വന്നത്.നടക്കാവിലെ വീട്ടിലായിരുന്ന മന്ത്രിയുടെ ഭാര്യയോട് അപകീർത്തികരമായി സംസാരിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി.സംഭവത്തിൽ പാലക്കാട് സ്വദേശികളായ ജോൺസൺ.കെ.എഫ്.ജോണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ആദ്യ കോളിന് ശേഷം വ്യത്യസ്ത നമ്പറുകളിൽ നിന്ന് മന്ത്രിയുടെ ഭാര്യയുടെ ഫോണിൽ എട്ട് പ്രാവശ്യം വിളിക്കുകയും ഭീഷണി ആവർത്തിക്കുകയും ചെയ്തു.ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതിൽ പ്രതിഷേധിച്ച് വർഗ്ഗീയ സ്വഭാവത്തിലാണ് ഫോൺ വിളിച്ചവർ സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഫോൺ കോളുകളെ തുടർന്ന് ഉടൻ തന്നെ നമ്പർ മുനീറിന് കൈമാറി.എന്നാൽ കൂടുതൽ പ്രാവശ്യം ആവർത്തിക്കപ്പെട്ടപ്പോൾ മന്ത്രിയുടെ ഗണ്മാൻ സംഭവം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും നമ്പറുകൾ സൈബർ സെല്ലിന് കൈമാറുകയും ചെയ്തു.വൈകിട്ട് മൂന്നോടെ വിളിച്ചവരുടെ മേൽ വിലാസം പാലക്കാട്ട് നിന്ന് സൈബർ സെൽ കണ്ടെത്തി.തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പാലക്കാട് എസ്.പി. എൻ.പി.ദിനേശിനെ അറിയിക്കുകയും മേല്വിലാസം കൈമാറുകയും ചെയ്തു.4.30 യോട് കൂടി പ്രതികൾ അറസ്റ്റിലാകുകയും ചെയ്തു.ഇരുവരെയും എസ്.പി.ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു.ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതിൽ രോഷാകുലരായാണ് ഭീഷണി മുഴക്കിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.