രാജിവെയ്ക്കേണ്ടി വന്നാൽ എംഎൽഎ പദവിയും രാജി വെയ്ക്കുമെന്ന് ഗണേഷ്

single-img
18 April 2012

തിരുവനന്തപുരം:കേരള കോൺഗ്രസ് -ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ വഴക്ക് മൂർഛിക്കുകയും ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കണമെന്നുമുള്ള പാർട്ടിയുടെ ആവശ്യം ഉയരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ എം എൽ എ പദവിയും രാജിവെയ്ക്കുമെന്ന് കെ.ബി ഗണേഷ്കുമാർ.മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.എൻ.എസ്.എസ് നേതൃത്വത്തിനും ഗണേഷ് ഈ സൂചന നൽകിയതായി പറയുന്നു.മാർച്ച് അവസാനം നടന്ന യു.ഡി.എഫ് യോഗത്തിൽ ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്ന് പാർട്ടിചെയർമാൻ ആർ.ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു.ആവശ്യമായ ചർച്ചകൾ നടത്തി പിള്ള ഗ്രൂപ്പിലെ തർക്കം മാറ്റി തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും കെപിസി പ്രസിഡന്റിനെയും യോഗം ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ ഇതു സംബന്ധിച്ച് തനിക്കു അറിയിപ്പൊന്നും കിട്ടിയില്ലെന്ന നിലപാടിലായിരുന്നു ആയോഗത്തിൽ പങ്കെടുക്കാതിരുന്ന പിള്ള .അതിനാൽ ഗണേഷിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കത്ത് മുഖ്യമന്ത്രിയ്ക്കു കൊടുക്കാൻ ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായരെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ മുൻപ് നിശ്ചയിച്ചതുപോലെ ഒത്തുതീർപ്പു ശ്രമം ഇന്നു നടത്തുമെന്ന് യു ഡി എഫ് വ്യക്തമാക്കി.ഗണേഷുമായി ഒത്തുതീർപ്പ് ഉണ്ടാകണമെങ്കിൽ അദ്ദേഹം പൂർണ്ണമായും പാർട്ടിയ്ക്കു വഴങ്ങണമെന്നാണ് പിള്ളയുടെ നിലപാട്.പാഴ്സനൽ സ്റ്റാഫിൽ നിന്നും പാർട്ടിയ്ക്ക് അനഭിമതരായവരെ മാറ്റി പാർട്ടി നിർദ്ദേശിക്കുന്നവരെ വയ്ക്കണം.എന്നാൽ പാർട്ടിയുടെ ന്യായമായ ശിപാർശകൾ സ്വീകരിക്കാമെന്നേറ്റ ഗണേഷ് പക്ഷെ അത് ചെയർമാൻ നേരിട്ട് അറിയിക്കണമെന്നും ഒരിക്കൽ നടത്തിയ ശിപാർശകൾ ഉടനെ പിൻ വലിക്കരുതെന്നുമുള്ള  ഉപാധികളും മുന്നോട്ട് വെച്ചു. തനിക്കൊപ്പം നിന്നതിന്റെ  പേരില്‍ അച്ചടക്കനടപടിക്ക് വിധേയരായ മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.