സൂര്യനാകാനുള്ള തിരിച്ചുവരവിൽ പത്മസൂര്യ

single-img
16 April 2012

പട്ടിണിയും പരിവട്ടവുമായി ജീവിതത്തിന്റെ ഇരുട്ടിൽ ചുരുണ്ടു കൂടുന്ന ഗോപിയായി അഭ്രപാളിയിൽ സ്വന്തം അടയാളങ്ങൾ ചാർത്തി,പിന്നെ നിഷ്കളങ്കതയാർന്നൊരു പുഞ്ചിരിയ്ക്ക് പുറകിലൊളിപ്പിച്ച വില്ലത്തരവുമായി പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ക്ഷുഭിത യൌവനമായി, വിരലിലെണ്ണാവുന്നതെങ്കിലും വ്യത്യസ്തതയുടെ നിറച്ചാർത്തണിഞ്ഞ കഥാപാത്രങ്ങളിലൂടെ നാളെയുടെ താരമായി പ്രതീക്ഷ നൽകിയ പ്രതിഭ…ഗോവിന്ദ് പത്മസൂര്യ.. 2008 മുതൽ മലയാള സിനിമാലോകത്ത് കേൾക്കുന്ന പേരാണ് അദേഹത്തിന്റേത്.എന്നാൽ വെറും അഞ്ച് ചിത്രങ്ങളേ ഈ യുവതാരത്തിന്റെ ക്രെഡിറ്റിലുള്ളു..പക്ഷേ മുൻ നിര സംവിധായകരുടെ മനസ്സിൽ വ്യക്തമായൊരു സ്ഥാനം ഈ ചെറുപ്പക്കാരൻ നേടിക്കഴിഞ്ഞു.അതുകൊണ്ട്തന്നെ ചെറിയൊരിടവേളയ്ക്ക് ശേഷം മടങ്ങി വരുമ്പോൾ മികച്ച അവസരങ്ങൾ ഈ പട്ടാമ്പിക്കാരനെ തേടിയെത്തുകയാണ്..പത്മസൂര്യ മനസ്സ് തുറക്കുന്നു…

ആദ്യ ചിത്രം

പട്ടാമ്പിയിലെ സ്കൂൾ ജീവിതം തൊട്ടുതന്നെ കലാരംഗത്തെയും സിനിമയെയും സ്നേഹിച്ചിരുന്നൊരു ചെറുപ്പക്കാരൻ.കോളേജ് വിദ്യാഭ്യാസ കാലത്തും തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു.ഷോർട്ട് ഫിലിമും മറ്റുമായി മാധ്യമ രംഗവുമായുള്ള നിരന്തര ബന്ധം ഒരു മ്യൂസിക് വീഡിയോയിൽ പ്രധാന റോൾ അവതരിപ്പിക്കാൻ അവസരം നൽകിയപ്പോൾ വിശാലമായ സിനിമാ ലോകത്തേക്കുള്ള ചുവടുവെപ്പാകുമതെന്ന് താതൊരു ധാരണയും പത്മസൂര്യയ്ക്കില്ലായിരുന്നു.എന്നാൽ ആ വീഡിയോയുടെ ദൃശ്യങ്ങൾ ഹിറ്റായപ്പോൾ ബിഗ് സ്ക്രീനിന്റെ വെള്ളിവെളിച്ചത്തിലേയ്ക്കുള്ള ക്ഷണങ്ങൾ ധാരാളമെത്തി.കൂട്ടത്തിൽ മികച്ചതായിരുന്നു എം.ജി.ശശിയുടെ “അടയാളങ്ങൾ”.തികച്ചും വ്യത്യസ്തം.തന്റെ വ്യക്തിത്വത്തിൽ നിന്നും മാറിനിൽക്കുന്നൊരു കഥാപാത്രമായിരുന്നു പത്മസൂര്യയെ സംബന്ധിച്ചിടത്തോളം അടയാളങ്ങളിലെ ഗോപി.ഒരിക്കലും നേരിട്ടിട്ടില്ലാത്ത പട്ടിണി എന്ന വികാരത്തെ പക്ഷേ തന്റെ മനോഹരമായ പകർന്നാട്ടത്തിലൂടെ പത്മസൂര്യ ഗംഭീരമാക്കി.ഫലമോ..പ്രമുഖ സംവിധായകരുടെയെല്ലാം ശ്രദ്ധ പിടിച്ചു പറ്റി സിനിമാലോകത്ത് തനിക്കൊരു ഭാവിയുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞു.ആദ്യ ചിത്രം തന്നെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുൾപ്പെടെ അഞ്ച് സംസ്ഥാന സർക്കാർ അവാർഡുകൾ നേടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും മോഹൻലാലിനൊപ്പം മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ടെന്നറിഞ്ഞപ്പോൾ സ്വകാര്യമായൊരു അഹങ്കാരമായതിനെ കണ്ടതും പുതുതലമുറ നടന്മാരിൽ മുൻ നിരയിലേക്കെത്താൻ കൊതിക്കുന്ന ഗോവിന്ദ് പത്മസൂര്യ തന്നെ.എന്നാൽ കൊമേഷ്യൽ ചിത്രത്തിന്റെ മേമ്പൊടിയില്ലാതെയെത്തിയ ആ ചിത്രം വലിയൊരു ആരാധക വൃന്ദത്തെയൊന്നും അദേഹത്തിന് നൽകിയില്ല.സത്യത്തിൽ ആളുകൾ സിനിമാതാരമെന്ന ലേബലിൽ തിരിച്ചറിഞ്ഞതു പോലുമില്ല.എന്തിനധികം പറയുന്നു കൂടെ അഭിനയിച്ച ജ്യോതിർമയി പോലും ചിത്രീകരണത്തിനു ശേഷം പത്മയെ കണ്ട് തിരിച്ചറിഞ്ഞില്ല.സിനിമയിൽ മൊട്ടയടിച്ചായിരുന്നു അദേഹമെത്തിയത്.അതുകൊണ്ട് സ്ക്രീനിൽ കണ്ടവർ നേരിട്ട് കണ്ട് “മൈൻഡ്” ചെയ്യാത്തതിൽ തനിയ്ക്ക് ഒരു പരിഭവവുമില്ലെന്ന് പറഞ്ഞ് ചിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.

അടയാളങ്ങളിലെ പ്രകടനം ബി.ഉണ്ണികൃഷ്ണന്റെ സുരേഷ് ഗോപി നായകനായ ഐ.ജി.യിലേയ്ക്കുള്ള വാതിൽ തുറന്നു.എന്നാൽ അതിൽ കാത്തിരുന്നത് തികച്ചും അസാധാരണമായൊരു വില്ലൻ കഥാപാത്രം.ശാന്തനായൊരു യുവാവിൽ നിന്ന് അവസാന നിമിഷത്തെ തീവ്രവാദിയിലേക്കുള്ള മാറ്റവും ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.തന്നെ കണ്ട് വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമോയെന്ന് ആശങ്കപ്പെട്ടവർക്ക് മറുപടിയാകുന്ന പ്രകടനമാണ് പത്മ അതിൽ കാഴ്ചവെച്ചത്.കൂടാതെ ആദ്യത്തെ കോമേഷ്യൽ ചിത്രവുമായിരുന്നു ഐ.ജി.പിന്നെ വന്ന ഭൂമി മലയാളത്തിൽ അഭിനയിക്കാൻ കാരണമായത് സംവിധായകൻ ടി.വി.ചന്ദ്രനുമായുള്ള സൌഹൃദം.അദേഹത്തിന്റെ ചിത്രത്തിന്റെ ഭാഗമാകണമെന്നുള്ള ആഗ്രഹവും അതിലൂടെ നിറവേറി.തുടർന്ന് മമ്മൂട്ടിയോടൊപ്പം ഡാഡി കൂൾ,വ്യത്യസ്തതയെ ഇഷ്ടപ്പെടുന്ന പത്മസൂര്യയ്ക്ക് ആ ചിത്രത്തിലെ യുവ ക്രിക്കറ്ററുടെ വേഷവും നന്നായിട്ടിണങ്ങി.തുടർന്ന് പ്രമുഖ യുവതാരങ്ങൾക്കൊപ്പം കോളേജ് ഡെയ്സ്… പിന്നെ ദീർഘമായ രണ്ട് വർഷത്തെ ഇടവേള..അവസരം ലഭിക്കാത്തതൊന്നുമല്ല……

പഠനം

കലാരംഗത്തിനൊപ്പം അക്കാദമിക് രംഗത്തും ഒരുപോലെ മികവു പുലർത്തുന്ന ചെറുപ്പക്കാരനാണ് ഗോവിന്ദ് പത്മസൂര്യ.സിനിമയുടെ മാസ്മരിക ലോകത്തിന് മുന്നിൽ മറ്റെല്ലാം മറക്കുന്നവർക്കിടയിൽ നിന്ന് വ്യത്യസ്തനായി തന്റെ എം.ബി.എ.പഠനം പൂർത്തിയാക്കുന്നതിനായി മികച്ച അവസരങ്ങൾ പോലും അദേഹം വേണ്ടെന്ന് വെച്ചു.സത്യൻ അന്തിക്കാടിനെപ്പോലെ മുൻനിര സംവിധായകർ കാണാൻ ആഗ്രഹിച്ചിട്ട് പോലും അത് വേണ്ടെന്ന് വെച്ച ഈ യുവാവ് തികച്ചും വ്യത്യസ്തനെന്ന് പറയാൻ മറ്റൊരു കാരണത്തിന്റെയും ആവശ്യമില്ല.പത്താം ക്ലാസ് വരെ പട്ടാമ്പിയിലായിരുന്നു പത്മസൂര്യയുടെ പഠനം. തുടർന്ന് കോയമ്പത്തൂരിൽ പ്ലസ്ടുവും മാംഗ്ലൂരിൽ ഡിഗ്രിയും ചെയ്ത പത്മസൂര്യ എം.ബി.എ. പൂർത്തിയാക്കിയത് മുംബൈയിൽ സുഭാഷ് ഖായ് ഇൻസ്റ്റിട്ട്യൂട്ടിലാണ്.അതും മീഡിയ എന്റർടെയ്ന്മെന്റിൽ.ആദ്യ ചിത്രത്തിനു ശേഷം വെക്കേഷൻ സമയങ്ങളിലായി വർഷത്തിൽ ഒരു ചിത്രമെങ്കിലും ചെയ്തിരുന്ന അദേഹം വിദേശങ്ങളിലുള്ള ഇന്ത്യൻ ചിത്രങ്ങളുടെ സ്വാധീനത്തെക്കുറിച്ച് നടത്തിയ തന്റെ പ്രോജക്ടിനു വേണ്ടി പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടു നിന്നു.ഇതൊക്കെകൊണ്ട് തന്നെ തന്റെ പ്രതിഭക്കൊത്ത മികച്ച സ്ഥാനം നേടിയെടുക്കാൻ കഴിയാത്തതിൽ ദു:ഖവുമില്ല.അങ്ങനെയൊരു സ്ഥാനത്തിനായി മുഴുവൻ സമയം ഇൻഡസ്ട്രിയിൽ നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദേഹത്തിന് നല്ല ബോധമുണ്ടായിരുന്നു.ഒരുറപ്പും.. തീർച്ചയായും ഇനിയും അവസരമുണ്ടെന്നത്.

പുതുമുഖങ്ങളുടെ സിനിമാലോകം

മലയാള സിനിമയിൽ ദിനംപ്രതി പുതുമുഖങ്ങളുടെ ഒഴുക്കുണ്ടെന്ന് കരുതി ഒരിക്കലും ആർക്കും അവസരങ്ങൾ നഷ്ടമാകില്ലെന്ന അഭിപ്രായമാണ് പത്മസൂര്യക്കുള്ളത്.ഓരോരുത്തരും സ്വന്തം മികവിൽ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിൽ പുതുമുഖങ്ങളുടെ എണ്ണം കൂടിയത് മികച്ച അവസരങ്ങൾ കൂടുതൽ ഉണ്ടാകുന്നതിനും പുതുമുഖങ്ങളെ വെച്ച് പടം പിടിക്കാമെന്ന് സംവിധായകർക്ക് ആത്മവിശ്വാസം നൽകുന്നതിനും കാരണമായി എന്നതാണ്.ലാൽ ജോസ് പോലുള്ള ഒന്നാംകിട സംവിധായകർ ഒരുകാലത്ത് പുതുമുഖങ്ങളിൽ വിശ്വാസമർപ്പിക്കാൻ മടിച്ചിരുന്നതിൽ നിന്നുണ്ടായ മാറ്റം തികച്ചും നല്ലതിനാണെന്നും അദേഹം പറയുന്നു.വ്യക്തമായ പ്രകടനം നടത്തുന്നവർക്ക് മുന്നേറാൻ കഴിയുമെന്നും പത്മസൂര്യ ഉറച്ച് വിശ്വസിക്കുന്നു.

മലയാള സിനിമ ലോകം

ചലചിത്ര ലോകത്തെ കുറിച്ച് വ്യക്തമായൊരു കാഴ്ചപാട് സൂക്ഷിക്കുന്ന ചെറുപ്പക്കാരനാണ് ഗോവിന്ദ് പത്മസൂര്യ.ഒരോസമയത്തും അവിടുത്തെ ട്രെൻഡ് മാറിക്കൊണ്ടിരിക്കും.അതു ഏതു ഭാഷയിലായാലും.ഒരു സൂപ്പർ താരനിരയ്ക്ക് മാത്രമേ നിലനിൽക്കാൻ കഴിയുള്ളു എന്ന അവസ്ഥയില്ലെന്നും അദേഹം പറയുന്നു.അങ്ങനെ വ്യത്യസ്തമായൊരു അവസ്ഥ ഉള്ളതുകൊണ്ട് തന്നെ സിനിമ വെച്ച് പരീക്ഷണങ്ങൾ നടത്താൻ എളുപ്പമാണെന്ന് പറയുന്ന അദേഹം നല്ല തീമുകളുമായെത്തുന്ന ചെറിയ സിനിമകൾക്ക് മാറ്റത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.ബജറ്റിനേക്കാളും മാർക്കറ്റിങ്ങിനെക്കാളും പ്രധാനം കഥയായി മാറിക്കൊണ്ടിരിക്കുകയാണ്.ഒരു ചിത്രമിറങ്ങിയാൽ അതിനെക്കുറിച്ചുള്ള അഭിപ്രായം മറ്റുള്ളവരിലെത്താൻ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ ശക്തിപ്രാപിക്കുന്ന ഇക്കാലഘട്ടത്തിൽ വളരെയെളുപ്പമാണ്.അതുകൊണ്ട് തന്നെ മികച്ചവ മാത്രമേ സ്വീകരിക്കപെടുകയുള്ളു.

മലയാളത്തിന് ലഭിക്കുന്ന സ്വീകാര്യത

മലയാളത്തിന് മറ്റ് ഇൻഡ്സ്ട്രികളെ പോലെ വിശാലമായ മാർക്കറ്റ് ഇല്ല എന്നതാണ് സത്യം.മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേയ്ക്ക് പോകുന്ന ചിത്രങ്ങൾ കൂടുതൽ വിജയം കൊയ്യുന്നതിന് കാരണം ആ ഇൻഡസ്ട്രികളുടെ വലിയ ലോകമാണെന്ന് പറയുന്ന പത്മസൂര്യ നമ്മുടെ സിനിമകളിൽ നിന്ന് മറ്റു ഭാഷക്കാരെ മാറ്റി നിർത്തുന്നതിന് പ്രധാന കാരണം മലയാളം മനസിലാക്കാൻ കഴിയാത്തതാണെന്ന അഭിപ്രായക്കാരനുമാണ്.“ഒരു ചിത്രം നല്ലതാണെന്ന് തോന്നിയാൽ പോയി കാണാനുള്ള മനസ്സ് മലയാളികൾക്ക് വന്നു കഴിഞ്ഞു“ അദേഹം പറയുന്നു.

തിയേറ്ററുകളിലെ സിനിമയുടെ ആയുസ്സ്

ഇന്ന് ആസ്വാദനത്തിന് പലപല വഴികളാണുള്ളത്.പണ്ട് ഒരു ചിത്രമിറങ്ങിയാൽ അതു കാണുന്നതിനു തിയേറ്ററിൽ പോകുന്നതല്ലാതെ മറ്റുവഴികളില്ലായിരുന്നു.എന്നാൽ ഇന്ന് ഒരു സിനിമ ഇറങ്ങിയാൽ ഇന്റർനെറ്റിലൂടെ പരക്കുന്ന അഭിപ്രായങ്ങൾ നോക്കിയാണ് കാണികളിൽ മിക്കവരും അത് കാണാൻ പോകുക.സിനിമ കാണാൻ തിയറ്ററിൽ തന്നെ പോകണമെന്ന അവസ്ഥ മാറിക്കഴിഞ്ഞു.സിനിമ കാണാൻ തിയറ്ററും ടെലിവിഷനും ആശ്രയമായിരുന്ന കാലം മാറി.ഡൌൺലോഡിങ്ങിലൂടെയും സിഡികളിലൂടെയും കാണികളുടെ അടുത്ത് വളരെപ്പെട്ടെന്ന് തന്നെ ഇന്ന് സിനിമയെത്തുന്നു.ആദ്യ ആഴ്ചകളിൽ മാത്രമേ നിൽക്കുകയുള്ളു എന്ന് കണ്ടാൽ ആ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുകയാണ് വേണ്ടത്.അതിന് വേണ്ട മാർക്കറ്റിംഗ് നടത്തുക എന്നതാണ് പ്രധാനം.അതുവഴി പിന്നീട് പുതിയൊരു സിനിമയ്ക്കും കാണികളെ ലഭിക്കുന്നതിന് അവസരം ലഭിക്കും.

സിനിമ പ്രതിസന്ധി

പ്രതിസന്ധി എന്നത് മലയാളത്തിൽ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.എന്നിട്ടും എൺപതും തൊണ്ണൂറും ചിത്രങ്ങളാണ് മലയാളത്തിൽ ഒരു വർഷമിറങ്ങുന്നത്.കൂടാതെ മൾട്ടിപ്ല്ക്സസും മറ്റുമായി നിരവധി നിക്ഷേപങ്ങൾ പുതിയതായി വരുന്നുണ്ട്.സത്യത്തിലുള്ള പ്രതിസന്ധി പ്രൊഡ്യൂസർമാരുടെ കാര്യത്തിലാണ്.ഒരു സിനിമയെടുത്ത് മാറി നിൽക്കുന്നവരാണ് പലരും.ശരിയായ മാർക്കറ്റിംഗ് കണ്ടുപിടിച്ച് സിനിമയുടെ യഥാർഥ വശങ്ങളെ കണ്ടറിഞ്ഞ് കാശുമുടക്കുന്നവർക്ക് ഒരിക്കലും പ്രതിസന്ധികളെ നേരിടേണ്ടി വരില്ല എന്ന അഭിപ്രായമാണ് പത്മസൂര്യ പങ്കുവെക്കുന്നത്.

സൂപ്പർ സ്റ്റാർസിന്റെ ലോകം ?

എന്തൊക്കെപ്പറഞ്ഞാലും സിനിമയൊരു ബിസ്സിനസ് ലോകമാണെന്ന് പറഞ്ഞ് വാചാലനാകുകയാണ് പത്മസൂര്യ.“ആരായാലും ലാഭം നോക്കിയാണ് സിനിമയെടുക്കുക.സൂപ്പർതാരങ്ങളെ വെച്ച് സിനിമ ചെയ്താൽ വിജയിക്കുമെന്ന് തോന്നിയാൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. ഒരു ചിത്രം ചെയ്യുന്നയാൾ തീർച്ചയായും സാമ്പത്തിക വിജയം തന്നെയാകും ലക്ഷ്യമിടുക.സൂപ്പർ താരങ്ങൾ അത്തരത്തിലുള്ള നിരവധി വിജയങ്ങൾ സമ്മാനിച്ചവരായതിനാൽ സ്വാഭാവികമായും അവർക്ക് ആവശ്യക്കാരേറുന്നു.എങ്ങെനെ സിനിമയെടുക്കുന്നതിനെക്കാൾ വിജയമാണ് പ്രധാനം.” “ നിലവിലെ സൂപ്പർ താരങ്ങൾ പുതുതലമുറയ്ക്ക് വേണ്ടി മാറികൊടുക്കണമെന്ന് പറയുന്നത് ശുദ്ധവിഡ്ഡിത്തമാണ്” മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള താരങ്ങൾ വർഷങ്ങളുടെ പ്രയത്നത്തിന്റെ ബലത്തിലാണ് ഈ സ്ഥാനത്തെത്തിയത്.അവർ മാറിയാലെ മറ്റുള്ളവർക്ക് കടന്ന് വരാൻ കഴിയുള്ളു എന്നതില്ല.ഒരാൾക്ക് ചെയ്യാൻ കഴിയുന്നത് മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാണ്.അവരെ പുറത്താക്കാൻ നോക്കുന്നതിലും നല്ലത് തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുകയാണ് പുതുമുഖങ്ങൾ ചെയ്യേണ്ടത്.മോഹൻലാലിന്റെ ഒരു പടം ഹിറ്റാകുമ്പോൾ മറുവശത്ത് ആസിഫ് അലിയെ പോലുള്ള യുവതാരങ്ങളുടെ പടവും ഹിറ്റാകണം.നേരിട്ടൊരു മത്സരം സൂപ്പർ താരങ്ങളും യുവതാരങ്ങളും തമ്മിലില്ല എന്ന അഭിപ്രായമാണ് പത്മസൂര്യക്കുള്ളത്.സൂപ്പർ താരങ്ങളുടെ അനുഭവങ്ങളുടെ ബലത്തിൽ ഒരു സിനിമ വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവർക്ക് വീണ്ടും വീണ്ടും അവസരം ലഭിക്കുന്നത്.അതുപോലെ മറ്റുള്ളവർക്കും ചെയ്യാൻ കഴിഞ്ഞാൽ അവസരങ്ങൾ അവരെയും തേടിയെത്തും.“സൂപ്പർതാരങ്ങൾ നിന്നു തിരിയാൻ കഴിയാത്ത സമയക്രമത്തിലാണ് പ്രവർത്തിക്കുന്നത്.അതിനിടായിൽ  മറ്റുള്ളവരുടെ സിനിമ കണ്ട് വിളിച്ച് അഭിനന്ദിക്കണമെന്ന് വാശിപിടിക്കാൻ പാടില്ല.ഒന്നുകിൽ ചിത്രം അത്രയ്ക്ക് നല്ലതാകണം.അല്ലെങ്കിൽ അടുത്ത പരിചയം വേണം. യുവതാരങ്ങൾ പോലും പരസ്പരം അത് ചെയ്യുമെന്ന് കരുതുന്നില്ല.താനും അങ്ങനെയൊന്ന് ഇതുവരെ ചെയ്തിട്ടിലെന്ന് പത്മസൂര്യ പറയുന്നു.അത്തരത്തിലുൾല അഭിനന്ദനങ്ങളുണ്ടായാലെ ഒരു യുവതാരത്തിന് മുന്നോട്ട് വരാൻ പറ്റുള്ളു എന്നില്ല.അവരുടെ പ്രോത്സാഹനം ഉണ്ടാകുന്നത് നല്ലതാണെങ്കിലും ഓരോരുത്തരുടെയും ഇഷ്ടങ്ങളെ മാനിക്കേണ്ടത് അത്യാവശ്യമാണ്.യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ല.അതു നല്ലതാണെങ്കിലും സ്വന്തമായി വിജയം നേടിയെടുക്കാനാണ് പുതുമുഖങ്ങൾ ശ്രമിക്കേണ്ടത്.ഇതുവരെയുള്ള അനുഭവത്തിൽ സൂപ്പർതാരങ്ങളിൽ നിന്ന് സഹായമല്ലാതെ ഒരുതരത്തിലുമുള്ള ദോഷവും നേരിടേണ്ടി വന്നിട്ടില്ലെന്നും പത്മസൂര്യ ഉറപ്പിച്ച് പറയുന്നു.

മമ്മൂട്ടി-സൂപ്പർ സ്റ്റാറിനൊപ്പം

“ഒരു സൂപ്പർ താരത്തെ ആദ്യമായി പരിചയപ്പെടുന്നത് മമ്മൂട്ടിയെയായിരുന്നു.സ്കൂളിലും മറ്റും ഹെഡ്മാസ്റ്ററിനു മുന്നിൽ ഭവ്യതയോട് കൂടി നിൽക്കുന്നത് പോലെയാണ് ഞാൻ അദേഹത്തിന് മുന്നിൽ നിന്നിട്ടുള്ളത്.ഒരുപരിധി വിട്ട് അദേഹം ആരോടും ഇടപഴകില്ല.എന്നാൽ ചോദിക്കേണ്ടതൊക്കെ ചോദിക്കുകയും ചെയ്യും.ആളുകളെ മാനേജ് ചെയ്യുന്നതിന് അദേഹത്തിനുള്ള വഴിയാണത്.അദേഹത്തെ പോലുള്ളവരെ ഭയഭക്തി ബഹുമാനത്തോടെയാണ് ഞാൻ കാണുന്നത്.തീർച്ചയായും ബഹുമാനത്തോടെ നോക്കിക്കാണേണ്ട നടനാണ് മമ്മൂട്ടി.”ഡാഡി കൂൾ ചെയ്യുന്ന സമയത്ത് മമ്മൂട്ടി ടൈംസിന്റെ നൂറാമത്തെ എഡിഷൻ പുറത്തിറക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നു പത്മസൂര്യയ്ക്ക്.

പുതിയ ചിത്രങ്ങൾ ; ഭാവി

മേജർ രവിയുടെ “രക്ഷ” ജൂണിൽ തുടങ്ങുന്നതിന് മുൻപ് നായകനായി പുതിയൊരു ചിത്രം ചെയ്യുന്നുണ്ട്.ഒരു മുംബൈ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലുള്ള ചിത്രത്തിൽ കനകരാഘവൻ എന്ന പുതിയ സംവിധായകനു കീഴിൽ ആണ് പത്മസൂര്യ തിരിച്ച് വരവിനൊരുങ്ങുന്നത്.അതിന്റെ ഷൂട്ടിങ്ങ് ഏപ്രിൽ അവസാനമാണ് തുടങ്ങുന്നത്. എം.ബി.എ.കഴിഞ്ഞുള്ള തിരിച്ച് വരവ് മികച്ചതാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.തമിഴിൽ നിന്നും മറ്റും വരുന്ന ഓഫറുകൾ അതിനു ശേഷം മാത്രമേ സ്വീകരിക്കുകയുള്ളു.തനിക്ക് സിനിമാ ലോകത്ത് മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ കരുത്ത് പകരുന്നതാകും പുതിയ ചിത്രമെന്ന പ്രതീക്ഷയിലാണ് പത്മസൂര്യ. സിനിമയുടെ മറ്റു മേഖലകളിൽ താല്പര്യമുണ്ടെങ്കിലും അഭിനയത്തിന് തന്നെയാണ് ആദ്യ സ്ഥാനം പത്മസൂര്യ നൽകുന്നത്.സംവിധാനമോ നിർമ്മാണമോ ഭാവിയിൽ ചെയ്യുമോ എന്ന് അറിയില്ല.എന്നാൽ ഇപ്പോൾ അഭിനയം മാത്രം.തുടർച്ചയായി നല്ല കഥാപാത്രങ്ങൾ ചെയ്ത് ചലച്ചിത്ര ലോകത്ത് പിടിച്ച് നിൽക്കാനുള്ള തയ്യാറെടുപ്പിലാണ് പത്മസൂര്യ.

കുടുംബം

കലാരംഗത്തേയ്ക്ക് മകനെത്തിയതിൽ ഒരു കൊച്ചു കുടുംബത്തിന്റെ പിന്തുണയുമുണ്ട്.കാത്ത്ലിക് സിറിയൻ ബാങ്കിൽ ഉദ്യോഗസ്ഥനായ ഗോവിന്ദ് മേനോൻ ആണ് അച്ഛൻ,അമ്മ മാലതി ബി എസ് എൻ എൽ ഉദ്യോഗസ്ഥയും സഹോദരൻ ഗോവിന്ദ് അമൃത് സൂര്യ.വുത്യസ്തതയാർന്ന പേര് തന്റെ അച്ഛന്റെ കലാപരമായൊരു ചിന്തയാണെന്നാണ് അദേഹം പറയുന്നത്.ഇതുവരെ സ്വന്തം പേരിനോട് സാമ്യമുള്ള ഒരാളെ പത്മ പരിചയപ്പെട്ടിട്ടില്ല.വ്യത്യസ്തത ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുകയാണ് അദേഹത്തിന്റെ പേരും.