വേനല്‍ ചൂടില്‍ ആശ്വാസം നല്‍കി മാമ്പഴക്കാലമെത്തി

single-img
16 April 2012

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ ആശ്വാസം പകരാന്‍ മാമ്പഴവിപണികള്‍ സജീവമായി. വഴിവക്കത്തും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിവിധ തരം  മാമ്പഴങ്ങള്‍  കൊണ്ട് നിറഞ്ഞു കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മാമ്പഴങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്റ്. കര്‍പ്പൂരം, സേലം, കൊട്ടുക്കോണം,നീലന്‍, കിളിച്ചുണ്ടന്‍..അങ്ങനെ നീളുന്നു സ്വദേശിയും വിദേശിയുമായ മാമ്പഴ കാഴ്ചകള്‍. തേനൂറുന്ന കര്‍പ്പൂര മാമ്പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. വലുപ്പത്തിലും രുചിയിലും കേമന്മാരായ കര്‍പ്പൂര മാമ്പഴങ്ങള്‍ക്ക് കിലോ 100 രൂപ മുതലാണ് വില. കൊട്ടുക്കോണം മാമ്പഴങ്ങള്‍ക്കും ഉണ്ട് ആരാധകര്‍ ഏറെ. കിലോ 60 രൂപ മുതല്‍ ഇതിനു വിലയാകും. മാമ്പഴവിപണി സജീവമായതോടുകൂടി  കൃത്രിമമായി പഴുപ്പിചെടുത്ത മാമ്പഴങ്ങളും സുലഭമായി തുടങ്ങി. വിലയില്‍  ഇത്തരത്തിലുള്ള മാങ്ങകള്‍ കുറവാണെങ്കിലും എണ്ണത്തില്‍ കൂടുതലാകും. മാമ്പഴക്കാലമെത്തിയാതോടുകൂടി  പഴകച്ചവടവും കൊഴുക്കുകയാണ്.