എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് വ്യാജം: എം എൽ എ അസീസിനെതിരെ കേസ്

single-img
14 April 2012

കൊല്ലം:വ്യാജ എസ് എൽ സി സർട്ടിഫിക്കറ്റ് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിച്ചതിനും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും ഇരവിപുരം എംഎൽഎയും ആർ എസ് പി സംസ്ഥാനസെക്രട്ടറിയുമായ എ.എ അസീസിനെതിരെ കോടതി കേസെടുത്തു.2006 ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ എസ് എൽ സി പാസയെന്ന് അസീസ് രേഖപ്പെടുത്തിയിരുന്നു.ഇതു തെറ്റാണെന്നു കാണിച്ച് ആർ എസ് പി മുൻ പ്രവർത്തകനായ എം.നൈസാം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. 1959 ലെ സർട്ടിഫിക്കറ്റ് അസീസ് കമ്മിഷനുമുന്നിൽ സമർപ്പിച്ചു.സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് കമ്മീഷൻ പരാതി തീർപ്പാക്കിയിരുന്നു.എന്നാൽ 2011 ലെ സത്യവാങ്മൂലത്തിൽ ആറാം ക്ലാസും പ്രൈവറ്റായി തേർഡ് ഫോറവും ജയിച്ചുവെന്നും എസ് എസ് എൽ സി സിലക്ഷൻ പരീക്ഷ എഴുതിയെന്നുമാണ് അസീസ് അറിയിച്ചത്.
ഈ രണ്ടു വ്യത്യസ്ത വിവരങ്ങൾ ചൂണ്ടികാട്ടി നൈസാം കോടതിയെ സമീപിക്കുകയും വാദിഭാഗം ഹാജരാക്കിയ രേഖകൾ പരിശോധിച്ച കോടതി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.തെളിവുകൾ കണക്കിലെടുത്ത് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.വി അനിൽകുമാർ കേസ് ഏറ്റെടുക്കുകയായിരുന്നു.അലിയാരുകുഞ്ഞിന്റെ മകൻ അബ്ദുൽ അസീസ് എന്ന എ.എ അസീസ് ,അലിയാരുകുഞ്ഞിന്റെ മകൻ അബ്ദുൽ അസീസിന്റെ സർട്ടിഫിക്കറ്റാണ് കമ്മീഷനിൽ കൊടുത്തതെന്നു പരിശോധനയിൽ തെളിഞ്ഞു.സർട്ടിഫിക്കറ്റിലെയും സത്യവാങ്മൂലത്തിലെയും ജനനത്തീയതികൾ തമ്മിലുള്ള വ്യത്യാസം കോടതി കണ്ടെത്തുകയും അസീസ് ജൂലൈ 20 നു കോടതിയിൽ ഹാജരാകണമെന്നു പറയുകയും ചെയ്തു.
വ്യക്തി വൈരാഗ്യമാണ് തനിക്കെതിരെ കേസ് കൊടുക്കാൻ കാരണമെന്നു അസീസ് പറഞ്ഞു.2001 മുതൽ പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്.മാർച്ച 12 നാണ് സംസ്ഥാനസെക്രട്ടറിയായത്.താൻ പത്രങ്ങൾ വഴിയാണ് കേസ് കൊടുത്തത് അറിഞ്ഞതെന്നും ആർ എസ് പി പ്രവർത്തകനായ നൈസാം എന്തിനാണ് കേസുമായി നടക്കുന്നതെന്ന് തനിക്ക് അറിഞ്ഞുകൂടാ എന്നും അസീസ് പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് കൊടുത്തെങ്കിലും ഫലമുണ്ടായില്ല,ഹൈക്കോടതിയിലും കേസ് പരാജയപ്പെട്ടതാണ് .കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ച ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.