ഓടിക്കൊണ്ടിരുന്ന വാഗണില്‍ തീപിടിച്ചു

single-img
14 April 2012

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോള്‍
നിറച്ച ഓയില്‍ വാഗണില്‍ തീ പിടിച്ചു.  സമയോചിതമായ  ജീവനക്കാരുടെയും  നാട്ടുകാരുടെയും ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി.  ഇന്നലെ  ഉച്ചയ്ക്ക് 1.45 ന്  കൊച്ചി ഇരുമ്പനത്തുനിന്ന് തിരുനെല്‍വേലിയിലേയ്ക്ക്  പോയ ഗുഡ്‌സ് ട്രെയിനിലാണ്  അപകടം ഉണ്ടായത്. 51 വാഗണുകളിലായി പെട്രോളുമായി പോയ ഗുഡ്‌സിന്റെ 10-ാംമത്തെ വാഗണിന്റെ മുന്‍ഭാഗത്താണ് തീപിടിച്ചത്.  ഓരോ വാഗണിലും 70,000 ലിറ്റര്‍ പെട്രോള്‍ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന്  ഒന്നേകാല്‍ മണിക്കൂറോളം  കോട്ടയം റൂട്ടില്‍ നിര്‍ത്തിയിട്ടിരുന്നു.

നാഗമ്പടം മേല്‍പ്പാലത്തിന്  സമീപം എത്തിയ ട്രെയിനില്‍   നാട്ടുക്കാര്‍ തീകണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.  റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനില്‍  തീകണ്ട്  യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളം വയ്ക്കുന്നതുകണ്ട് ട്രെയിന്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ്  ലോക്കോ പൈലറ്റുമാര്‍  വിവരം  അറിഞ്ഞത്.  തുടര്‍ന്ന് മറ്റു ഭാഗങ്ങളില്‍ തീപടരാതിരിക്കാന്‍  തീ പിടിച്ച വാഗണ്‍ വേര്‍പ്പെടുത്തി. പിന്നെ പിന്‍വശത്തെ  എന്‍ജിന്‍ ഉപയോഗിച്ച് ഇതുമായുള്ള ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.