ഗണേശന്റെ പ്രസ്ഥാവനകള്‍ വേദനാജനകം

single-img
12 April 2012

വീട്ടുകാരമായി തെറ്റി പത്തൊന്‍പതാം വയസ്സില്‍ വീടുവിട്ട് ഇറങ്ങിയശേഷം പിന്നെയുണ്ടായ നേട്ടങ്ങളെല്ലാം സ്വയാര്‍ജ്ജിതങ്ങളാണെന്നുള്ള ഗണേശന്റെ പ്രസ്ഥാവന തികച്ചും വേദനാജനകമാണെന്ന് ബാലകൃഷ്ണപിള്ള. കൂറുമാറ്റ നിരോധന നിയമം ബാധകമാക്കി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കുന്ന കാര്യം കൊട്ടാരക്കരയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താന്‍ മന്ത്രിയായിരുന്നപ്പോഴെല്ലാം ഔദ്യോഗിക വസതികളിലായിരുന്നു മകനും കുടുംബാംഗങ്ങളുമെല്ലാം. മകന്‍ വിവാഹത്തിനുശേഷം ഭാര്യയുമായി താമസിച്ചതും തന്റെ ഔദ്യോഗിക വസതിയായ ‘സാനഡു’വിലായിരുന്നു. മന്ത്രിസഭയില്‍ നിന്നു വിട്ടശേഷം താന്‍ തിരുവനന്തപുരത്ത് മകളുടെ ഫ്‌ളാറ്റിലായിരുന്നു താമസം. അപ്പോഴും മകനും മരുമകളും തന്നോടൊപ്പമുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് വീടുവച്ച് താമസം തുടങ്ങിയതും ഇവരോടൊപ്പമായിരുന്നു. മകന് തിരുവനന്തപുരത്ത് വീട് വച്ചുനല്‍കിയതും മറ്റ് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും താന്‍ തന്നെയാണ്. മാസം നല്ലൊരു തുക വാടക ലഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് മകന്റെ ആവശ്യത്തിനായി വിട്ടുനല്‍കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.