കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ അടിമുടി അഴിച്ചുപണി

single-img
12 April 2012

പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും വന്‍ അഴിച്ചു പണി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി.

തിരുവഞ്ചൂരിന് പകരം അടൂര്‍ പ്രകാശ് പുതിയ റവന്യൂ മന്ത്രിയാകും. അടൂര്‍ പ്രകാശ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് വി.എസ്.ശിവകുമാറിന് നല്‍കി. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ആര്യാടന്‍ മുഹമ്മദ് കൈകാര്യം ചെയ്യും. ആര്യാടന്‍ നിലവില്‍ കൈകാര്യം ചെയ്യുന്ന വൈദ്യുതി വകുപ്പിന് പുറമെയാണ് ഗതാഗതവകുപ്പിന്റെ കൂടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി മാത്രമെ ആവശ്യമുള്ളൂവെന്നും വകുപ്പ് മാറ്റത്തിന് ഹൈക്കമാന്‍ഡ് ഇന്നുരാവിലെ അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.