ടൈക്കൂൺ:രണ്ടു പേർ കൂടി അറസ്റ്റിൽ

single-img
10 April 2012

വടകര: ടൈക്കൂണ്‍ നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ കമ്പനിയുടെ ബിനാമികളായ രണ്ടു പേരെ   അന്വേഷണസംഘം അറസ്റ്റുചെയ്തു.കന്യാകുമാരി കുറ്റക്കരയില്‍ പ്രതീഷ് (28), കന്യാകുമാരി കല്‍പ്പുറം തങ്കലൈ ശ്രീറാം (29) എന്നിവരെയാണ് വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ടൈക്കൂണ്‍ കമ്പനി  ഉടമ വാത്സവരാക്കം നാരായണനെ അറസ്റ്റ് ചെയ്തതോടെയാണ് കേസിനെപറ്റിയുള്ള  കൂടുതല്‍ വിവരങ്ങള്‍ വെളിവാകുന്നത്. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍  എടുത്ത നാരായണനെ ചോദ്യചെയ്തതോടെയാണ് കൂലിപ്പണിക്കാരായ ഇവരുടെ ഫോട്ടോ ഉപയോഗിച്ച് വ്യജവിലാസത്തിലൂടെ കമ്പനിയിലെത്തുന്ന കോടികള്‍ കൈക്കലാക്കിയതെന്ന് വ്യക്തമായത്.  നാരായണനില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബിനാമി ഡയറക്റ്റര്‍മാരെ വടകരയിലേക്ക് വിളിപ്പിക്കുകയായിരുന്നു. പത്താംക്ലാസ്പോലും പാസാകാത്ത ഇരുവരെയും പേരും മേല്‍വിലാസവും മാറ്റി ബിനാമി ഡയറക്റ്റര്‍മാരാക്കിയാണ് നാരായണനും നേരത്തെ അറസ്റ്റിലായ ഡയറക്റ്റര്‍ കമലാ കണ്ണനും തട്ടിപ്പ് നടത്തിയിരുന്നത് .ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും മറ്റു രേഖകളിലും ചെക്കുകളിലും ഒപ്പ് രേഖപ്പെടുത്തലുമാണ് ഇവരുടെ ജോലി. ഇതിനായി ഇരുവര്‍ക്കും മാസംതോറും15,000 രൂപയും നല്‍കിയിരു ന്നു.അറസ്റ്റിലായ ഇവരെ ഇന്ന് കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കും.