ടാബ്ലറ്റ് പിസിയുമായി ഇന്നു സെൻസെസിനു തുടക്കം

single-img
10 April 2012

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് ഇന്നു മുതല്‍ ആരംഭിക്കും. സെന്‍സസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ കളക്ടറേറ്റില്‍ ആസൂത്രണഗ്രാമ വികസന വകുപ്പു മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പാര്‍പ്പിട നഗര ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന വകുപ്പും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും , നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ,ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും  സംയുക്തമായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍,  കെ.സുധാകരന്‍ എംപി , എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും.                                                                                കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികവും സാങ്കേതികവുമായ സഹായത്തോടെ അതതു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് സെന്‍സസ് നടത്തുന്നത്.പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വികസനത്തിനുവേണ്ടിയുള്ള പുതിയ കേന്ദ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നിലവിലുള്ളവ കൂടുതല്‍ കാര്യക്ഷമമാക്കുവാനുമാണ് സര്‍ക്കാര്‍ സെന്‍സസ് വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ച് നാലു ഘട്ടങ്ങളായി നടത്തുന്ന സെൻസസ് മെയ് 25 ന് പൂര്‍ത്തിയാക്കുമെന്ന്തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് ജോസഫ് പറഞ്ഞു. സംസ്ഥാനതലത്തില്‍ സെന്‍സസിന്റെ നോഡല്‍ ഓഫീസറായി നിയോഗിച്ചിരിക്കുന്നത് ഗ്രാമ വികസന കമ്മീഷണര്‍ എം.നന്ദകുമാറിനെയാണ്. കേരളത്തില്‍ ആകെ 68393 എന്യൂമറേഷന്‍ ബ്‌ളോക്കുകളാണുള്ളത്.സര്‍ക്കാര്‍ വകുപ്പുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും ഒമ്പതാം ക്‌ളാസും അതിനു മുകളിലെ ക്‌ളാസുകളിലും പഠിപ്പിക്കുന്ന അധ്യാപകരെയുമാണ് എന്യൂമറേഷന്‍ ജോലികള്‍ക്കായി  തിരഞ്ഞെടുത്തിട്ടുള്ളത്. 2011 സെന്‍സസ് വേളയില്‍ തയാറാക്കിയ എന്യൂമറേഷന്‍ ബ്‌ളോക്കുകള്‍ തന്നെയാണ്  ഇത്തവണയും സെന്‍സസിന് അടിസ്ഥാനമാക്കുന്നത്.