സർദാരി ഇന്ന് ഇന്ത്യയിൽ ; പ്രധാനമന്ത്രിയുമായി ചർച്ച നടത്തും

single-img
8 April 2012

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഇന്ന് ഇന്ത്യയിലെത്തും.അജ്മീർ ക്വാജ മൊയ്നുദ്ദീൻ ദർഗ സന്ദർശനത്തിനെത്തുന്ന സർദാരി പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും..പാക് സംഘത്തിന് പ്രധാനമന്ത്രി ഉച്ച വിരുന്നും ഒരുക്കിയിട്ടുണ്ട്.അദേഹത്തിനൊപ്പം മകനും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനുമായ ബിലാവൽ ഭൂട്ടോ സർദാരി,ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക്,വിദേശകാര്യ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരും എത്തുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയിദിന്റെ വിഷയം പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെടില്ലെന്ന് സർദാരി ഇന്നലെ ഇസ്ലാമാബാദിൽ പറഞ്ഞിരുന്നു.എന്നാൽ പ്രശ്നം പാക് ഭരണത്തലവന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ബിലാവൽ ഭൂട്ടോ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.2005 ൽ പർവേശ് മുഷറഫ് ഇന്ത്യാ സന്ദർശനം നടത്തിയതിന് ശേഷം ഒരു പാക് പ്രസിഡന്റ് ഇവിടെ ആദ്യമായി എത്തുകയാണ്.കൂടാതെ ഈ വർഷം അവസാനം പാക്കിസ്ഥാൻ സന്ദർശിക്കാൻ സർദാരി മൻമോഹൻ സിംഗിനെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചിട്ടുണ്ട്.