പാക് പ്രസിഡന്റ് നാളെ ഇന്ത്യയിൽ ;പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

single-img
7 April 2012

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി നാളെ ഇന്ത്യയിലെത്തും.അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിസ്തി സന്ദർശിക്കാനെത്തുന്ന സർദാരി പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ കണ്ട് ചർച്ച നടത്തും.രണ്ട് നേതാക്കളും മാത്രമായായിരിക്കും കൂടിക്കാഴ്ച നടക്കുക.മതപരമായ ആവശ്യത്തിനാണ് ഇന്ത്യ സന്ദർശനമെന്നതിനാൽ അധികം ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെയാണ് സർദാരിയെത്തുന്നത്.കൂടെ വരുന്ന ഏതാനും ചില ഉദ്യോഗസ്ഥരും കൂടികാഴ്ചയുടെ ഭാഗമായിരിക്കില്ല.പുതിയ കരാറുകളും സന്ദർശനവേളയിൽ ഒപ്പിടില്ലെന്നാണ് അറിയുന്നത്.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്ന ഹാഫിസ് സയിദിന്റെ പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ വാഗ്വാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിലാണ് സർദാരിയുടെ ഇന്ത്യ സന്ദർശനം.ഇക്കാര്യത്തിൽ ഇരു നേതാക്കളും ചർച്ച നടത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.