ഏഴു മലയാളികൾ ജോലി ചെയ്യുന്ന നൈജീരിയൻ കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി

single-img
6 April 2012

വർഷങ്ങളായി തുടർന്ന് വരുന്ന കടൽക്കൊള്ളക്കാരുടെ ഭീഷണി കപ്പലുകളെ വിട്ടൊഴിയുന്നില്ല.ഏറ്റവും ഒടുവിൽ ഏഴു മലയാളികളടക്കം നിരവധി പേർ ജോലിചെയ്യുന്ന നൈജീരിയൻ കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയതായാണ് റിപ്പോർട്ട്.ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടിൽ മിഥുനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു.മറ്റുള്ളവരെക്കുറിച്ച് യാതൊരു അറിയിപ്പും വന്നിട്ടില്ല.ഇവർ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് റോയൽ ലേഡി എന്ന പേരിലുള്ള കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

നൈജീരിയയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഷാർജയിൽ നിന്ന് നൈജീരിയയിലേയ്ക്ക് പോകുകയായിരുന്നു.വഴിമധ്യേ ഒമാനിൽ വെച്ചാണ് റാഞ്ചൽ നടന്നതെന്നാണ് മിഥുന്റെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.മുംബൈയിലെ ഒരു സ്വകാര്യ ചരക്ക് കപ്പലിൽ ജീവനക്കാരനായിരുന്ന മിഥുൻ ജനുവരി 29 നാണ് ഷാർജയിൽ എത്തിയത്.കഴിഞ്ഞമാസം 17 ന് ആണ് അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്.പിന്നീട് ബന്ധിയാക്കപ്പെട്ട വാർത്തയാണ് മിഥുനെ ജോലിയ്ക്ക് നിയോഗിച്ച ഏജൻസിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത്.മിഥുന്റെ മോചനത്തിനായി അധികാരികളെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കൾ.