സിപിഎം പാർട്ടി കോൺഗ്രസ് :രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം

single-img
6 April 2012

കോഴിക്കോട്ട് നടക്കുന്ന സി.പി.എമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി പ്രതിനിധികളുടെ അംഗീകാരം.ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിന് ചർച്ചകൾക്കും പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടി പ്രസംഗത്തിനും ശേഷമാണ് അംഗീകാരം ലഭിച്ചത്.ചർച്ചകളിൽ ഉരുത്തിരിഞ്ഞ ചില ഭേദഗതികളോട് കൂടിയാണ് പ്രമേയം അംഗീകരിച്ചിരിക്കുന്നത്.രാഷ്ട്രീയ പ്രമേയത്തിന്മേൽ നടന്ന ചർച്ചകൾ സി.പി.എമ്മിനുള്ളിലെ ഐക്യത്തിനെയും കെട്ടുറപ്പിനെയുമാണ് കാണിക്കുന്നതെന്ന് ഇതിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു.

പ്രാദേശിക പാർട്ടികളുമായി സഖ്യം പാടില്ലെന്ന ഭേതഗതി തള്ളിയതിനെത്തുടർന്ന് ആന്ധ്രയിൽ നിന്നുള്ള രണ്ട് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.3000 ഭേദഗതികളിൽ നിന്ന് 349 എണ്ണം അംഗീകരിക്കപ്പെട്ടു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ഒരുതരത്തിലും സഹിക്കില്ലെന്ന് പറഞ്ഞ വൃന്ദകാരാട്ട് അത്തരക്കാരെ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.കൂടാതെ കോൺഗ്രസിനും ബി.ജെ.പി.യ്ക്കുമെതിരായ ബദൽ സാധ്യതകളുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ അവർ രാജ്യത്തെ ഖനികൾ പൊതുമേഖലയിൽ നടത്താൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.പാർട്ടിയുടെ പുതുക്കിയ പ്രത്യയശാസ്ത്രരേഖ സീതാറാം യെച്ചൂരി അവതരിപ്പിക്കുകയാണ്.അതിന്മേലുള്ള ചർച്ചയും അംഗീകാരം നൽകലും ഇന്ന് നടക്കും.