അഞ്ചാം മന്ത്രി ; ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാൻ പുതിയ ഫോർമുല

single-img
6 April 2012

അഞ്ചാം മന്ത്രി പ്രശ്നം പരിഹരിക്കാൻ പുതിയ ഫോർമുല.ഇതനുസരിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുമെന്നും ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിക്കുമെന്നുമാണ് റിപ്പോർട്ട്.മന്ത്രിയാകുന്ന ചെന്നിത്തലയ്ക്ക് റവന്യൂ വകുപ്പും തിരുവഞ്ചൂർ രാധാകൃഷ്ണന് ഭക്ഷ്യ സിവിൽ സപ്ലൈസും ലഭിക്കും.കൂടാതെ ജി.കാർത്തികേയൻ സ്പീക്കർ സ്ഥാനം രാജിവെച്ച് കെ.പി.സിസി അധ്യക്ഷനാകുമെന്നും അറിയാൻ കഴിയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ഫോർമുലയനുസരിച്ച് ജി.കാർത്തികേയൻ നിലവിലെ സ്ഥാനം രാജി വെച്ച് മന്ത്രിയായാൽ ലീഗിന് നിലവിലുള്ള ഒരു മന്ത്രിയെ പകരം സ്പീക്കറാക്കുകയും ലീഗിൽ നിന്ന് മറ്റൊരാളെ മന്ത്രിയാക്കുകയും ചെയ്യും എന്നായിരുന്നു.എന്നാൽ ഇതുവരെ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും വന്നിട്ടില്ല.

അതേസമയം ജി.കാർത്തികേയനെ ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നത്തിന്റെ പേരിൽ സ്പീക്കർ പദവിയിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ പ്രതികരിച്ചു.കാർത്തികേയന്റെ മന്ത്രി സഭാ പ്രവേശനം നല്ലതാണെങ്കിലും അത് ഇത്തരമൊരു കാരണത്തിന്റെ പേരിലാകുന്നത് ശരിയല്ലെന്നും അദേഹം പറഞ്ഞു.ജി.കാർത്തികേയൻ ഈ പ്രശ്നത്തിൽ യാതൊരു തരത്തിലുമുള്ള പ്രതികരണത്തിനുമില്ലെന്ന് അറിയിച്ചു.ലീഗിന്റെ ഭാഗത്ത് നിന്ന് പുതിയ ഫോർമുലകളെക്കുറിച്ച് യാതൊരു അഭിപ്രായവും വന്നിട്ടില്ല.