ലൈസന്‍സ് റദ്ദാക്കിയ ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
4 April 2012

മുന്‍ടെലികോം മന്ത്രിയായിരുന്ന  എ.രാജയുടെ കാലത്ത് അനുവദിച്ച 122 ടെലികോം  കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന് പറഞ്ഞു നല്‍കിയ ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി ഈ മാസം 13 ന്  പരിഗണിക്കാനും  കോടതി  ഉത്തരവായി.  ഫെബ്രുവരി രണ്ടിനാണ് 122 ടെലികോം കമ്പനികളുടെ  ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.  ഈ ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യങ്ങളില്ലെന്ന് റിവ്യു ഹര്‍ജി തള്ളിയ  ജസ്റ്റിസുമാരായ  ജി.എസ് സിംഗ്‌വിയും എസ്.രാധാകൃഷ്ണനും വ്യക്തമാക്കി.  കോടതി ഉത്തരവു സംബന്ധിച്ച് ചില വിശദീകരണങ്ങള്‍തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി  ഏപ്രില്‍ 13ന് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.  റദ്ദാക്കിയ ലൈസന്‍സുകള്‍ക്ക്  പകരം പുതിയവ  ലേലംവിളിച്ച് നല്‍കാന്‍ സമയമെടുക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിസ്‌റ്റെമ, ടെലിനോര്‍, ടാറ്റ, വീഡിയോകോണ്‍, എസ്-ടെല്‍  , ഐഡിയ  സെല്ലുലാര്‍  തുടങ്ങിയ കമ്പനികളാണ് റിവ്യു ഹര്‍ജി നല്‍കിയത്.