കെ.പി.സി.സി യോഗത്തില്‍ ലീഗിന്റെ മന്ത്രിസ്ഥാനത്തിനെതിരെ ശക്തമായ പ്രതിഷേധം

single-img
3 April 2012

കെ.പി.സി.സി യോഗത്തില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കുന്നത് മന്ത്രിസഭയുടെ സാമുദായിക സമവാക്യങ്ങളെ തകിടം മറിക്കുന്നതാകുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലീഗിന്റെ ധാര്‍ഷ്ഠ്യം വകവച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്നുള്ളതായിരുന്നു യോഗത്തിലെ പൊതുവികാരം. സര്‍ക്കാരിനെ ലീഗ് സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുജനങ്ങള്‍ക്കിടെ ധാരണ പരന്നിട്ടുണ്‌ടെന്നും മുസ്‌ലീം ലീഗിന്റെ അപ്രമാദിത്വത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. മലബാര്‍ മേഖലയില്‍ നിന്നുള്ള നേതാക്കളാണ് ലീഗിന്റെ സമ്മര്‍ദതന്ത്രത്തിനെതിരെ ശക്തമായി സംസാരിച്ചത്. ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കണമെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം ഇ.അഹമ്മദ് രാജിവയ്ക്കട്ടെയെന്ന് യോഗത്തില്‍ ടി.എന്‍.പ്രതാപന്‍ ആവശ്യപ്പെടുകയും ചെയ്തു.

ലീഗിന്റെ മന്ത്രിസ്ഥാനത്തെ മുന്‍നിര്‍ത്തി അനൂപിനെ സത്യപ്രതിജ്ഞ നീണ്ടുപോകുന്നതു പിറവത്തെ ജനങ്ങളോടു ചെയ്യുന്ന നീതികേടാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ആര്‍.ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ കെപിസിസി യോഗത്തില്‍ വലിയ എതിര്‍പ്പുയര്‍ന്നില്ല. അതേസമയം, ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കിയാലും പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തിലാകണം മത്സരിക്കേണ്ടതെന്നാണ് യോഗം ആവശ്യപ്പെട്ടു. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച കെ.മുരളീധരന്‍ കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായമുര്‍ന്നതിനെ തുടര്‍ന്ന് ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിക്കുകയും ചെയ്തു.