ഗോവയില്‍ പെട്രോള്‍വില 11 രൂപ കുറഞ്ഞു; പമ്പുകളില്‍ വന്‍ തിരക്ക്

single-img
3 April 2012

ഗോവയില്‍ പെട്രോള്‍വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്നു പമ്പുകളില്‍ ഉപഭോക്താക്കളുടെ തിരക്കേറി. പെട്രോളിനു സംസ്ഥാനം ഏര്‍പ്പെടുത്തിയിരുന്ന 22 ശതമാനം വാറ്റ് നികുതി 0.1 ശതമാനമായി കുറച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ മുതല്‍ വിലകുറഞ്ഞത്. ഞായറാഴ്ച അര്‍ദ്ധരാത്രിവരെ പെട്രോള്‍ ലിറ്ററിന് 65 രൂപയായിരുന്നെങ്കില്‍ ഇന്നലെ മുതല്‍ ലിറ്ററിന് 54.96 ആയി കുറഞ്ഞിരിക്കുകയാണ്. പെട്രോളിന്റെ വില്പനനികുതി എടുത്തുകളയുമെന്നതു മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപിസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. വിലകുറഞ്ഞതിനെത്തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇന്നലെ രാവിലെമുതല്‍ അനുഭവപ്പെട്ട തിരക്ക് രാത്രിയിലും തുടര്‍ന്നു. ചില പമ്പുകളില്‍ ഉച്ചയോടെ സ്റ്റോക്ക് തീര്‍ന്നു. അതേസമയം, വിലകുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നു പെട്രോള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുന്നതു തടയാനായി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കെയാണു ഗോവയില്‍ വില ലിറ്ററിന് 11 രൂപ കണ്ടു കുറഞ്ഞിരിക്കുന്നത്.