മ്യാന്‍മാറിന്റെ പുതുയുഗപ്പിറവിയാണ് ഉപതെരഞ്ഞെടുപ്പ് ജയമെന്ന് ഒങ് സാന്‍ സ്യൂകി

single-img
2 April 2012

മ്യാന്‍മര്‍ പാര്‍ലമെന്റിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നേടിയ വിജയം പുതുയുഗപ്പിറവിയാണെന്ന് ജനാധിപത്യ പ്രക്ഷോഭ നേതാവ് ഒങ് സാന്‍ സ്യൂകി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ഓഫീസിന് പുറത്തു തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ സ്യൂകി പറഞ്ഞു. രാജ്യഭരണത്തില്‍ തങ്ങളെയും പങ്കാളിയാക്കണമെന്ന ജനാഭിലാഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സ്യൂക്കി പറഞ്ഞു.

പാര്‍ലമെന്റിലെ അധോസഭയില്‍ ഒഴിഞ്ഞുകിടന്ന 45 സീറ്റുകളിലേക്കാണു ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. നൊബേല്‍ പുരസ്‌കാര ജേത്രികൂടിയായ സ്യൂകി കാവ്ഹമു മണ്ഡലത്തിലാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സ്യൂകി 99 ശതമാനം വോട്ടും നേടി തന്റെ രണ്ട് എതിരാളികളെയും തോല്പിച്ചതായി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്നു വ്യക്തമല്ല.

ആകെയുള്ള 45 സീറ്റില്‍ 44 എണ്ണത്തില്‍ സ്യൂകിയുടെ പാര്‍ട്ടി മത്സരിച്ചു. സ്യൂകിയുടെ മണ്ഡലത്തിലൊഴികെയുള്ള മണ്ഡലങ്ങളിലെ ഫലം അറിവായിട്ടില്ല. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയിലെയും യൂറോപ്യന്‍ യൂണിയനിലെയും നിരീക്ഷകര്‍ തെരഞ്ഞെടുപ്പു വിലയിരുത്താന്‍ എത്തിയിരുന്നു.