പെയ്‌സ് നേടി; കിരീടവും കിരീട നേട്ടത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും

single-img
2 April 2012

മയാമി മാസ്റ്റേഴ്‌സ് പുരുഷ വിഭാഗം ഡബിള്‍സില്‍ കിരീടം നേടിക്കൊണ്ടാണ് ഇന്ത്യയുടെ സൂപ്പര്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് തന്റെ 50-ാം കിരീട നേട്ടത്തിലെത്തി ചരിത്രമെഴുതി്. എടിപി വേള്‍ഡ് ടൂറില്‍ 50 കിരീടങ്ങള്‍ നേടുന്ന 24-ാം ടെന്നീസ് താരവും ഇന്ത്യയുടെ ആദ്യ താരവുമാണ് പെയ്‌സ്. പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പെയ്‌സ് – ചെക്‌റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെഫാനക് സഖ്യം മൂന്നു സെറ്റുനീണ്ട പോരാട്ടത്തില്‍ മാക്‌സ് മിര്‍ണയി- ഡാനിയേല്‍ നെസ്റ്റര്‍ കൂട്ടുകെട്ടിനെയാണ് കീഴടക്കിയത്. സ്‌കോര്‍: 3-6, 6-1, 10-8. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനലില്‍ എത്തിയ ഇന്തോ-ചെക് കൂട്ടുകെട്ടിനെ ഞെട്ടിച്ച് മിര്‍ണയിയും നെസ്റ്ററും ആദ്യ സെറ്റ് 6-3 ന് തങ്ങളുടെ പേരിലാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ രണ്ടുപ്രാവശ്യം എതിരാളികളുടെ സര്‍വീസ് ബ്രേക്ക്‌ചെയ്ത് പെയ്‌സ്-സ്റ്റെഫാനക് സഖ്യം 6-1 ന് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആറു സ്‌ട്രെയ്റ്റ് പോയിന്റാണ് രണ്ടാം സെറ്റില്‍ ഇരുവരും കൂടിനേടിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിലും പെയ്‌സ് – സ്റ്റെഫാനക് സഖ്യമാണ് കിരീടം ചൂടിയത്. അന്ന് അമേരിക്കയുടെ ബോബ് ബ്രയാന്‍- മൈക് ബ്രയാന്‍ സഹോദരങ്ങളെയാണ് ഇന്തോ-ചെക് കൂട്ടുകെട്ട് ഫൈനലില്‍ കീഴടക്കിയത്. മിയാമിയില്‍ പെയ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണ്. 2010 ല്‍ ലൂകാസ് ഡോള്‍ഹിക്കും 2011 ല്‍ മഹേഷ് ഭൂപതിക്കും ഒപ്പം പെയ്‌സ് കിരീടം നേടിയിരുന്നു.