ഘടകകക്ഷി വിവാദങ്ങള്‍ക്കിടെ ഇന്ന് കെപിസിസി യോഗം

single-img
2 April 2012

അഞ്ചാംമന്ത്രി, സത്യപ്രതിജ്ഞ, രാജ്യസഭ സീറ്റ് തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫില്‍ വിവാദം പുകയുന്നതിനിടെ കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗം ഇന്നുചേരുന്നു. പ്രധാന വിഷയം ഇതൊക്കെയാണെങ്കിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാകും. രണ്ടു വിഷയങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ത്തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നിരിക്കേ ഇന്നത്തെ യോഗം നിര്‍ണായകമാകുകയാണ്.

അഞ്ചാംമന്ത്രിക്കാര്യത്തില്‍ മുസ്‌ലിം ലീഗ് നിലപാടു കര്‍ക്കശമാക്കിയ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ മാസം 28 നു യുഡിഎഫ് യോഗം ചേര്‍ന്നത്. അഞ്ചാം മന്ത്രിയെ സംബന്ധിച്ച് കെപിസിസി യോഗം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡുമായും ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കുമെന്നുമാണു യോഗതീരുമാനങ്ങള്‍ അറിയിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചത്. എന്നാല്‍, അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായതായി അന്നു രാത്രിതന്നെ ലീഗ് നേതാക്കള്‍ പത്രസമ്മേളനം നടത്തി അറിയിച്ചു. അനൂപിന്റെ സത്യപ്രതിജ്ഞയും അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും ഒരുമിച്ചു നടക്കുമെന്നും ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചു. അടുത്ത ദിവസം പാണക്കാട് തങ്ങളും ഇതാവര്‍ത്തിച്ചു. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത് ഈ പ്രഖ്യാപനമാണ്. അഞ്ചാം മന്ത്രിക്കാര്യത്തില്‍ തീരുമാനമായില്ലെന്നു കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരുന്നതിനിടെയാണു ലീഗ് നേതാക്കളുടെ പരസ്യപ്രഖ്യാപനം വന്നത്. അഞ്ചാം മന്ത്രിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നതിനും ലീഗ് അണികളെ തണുപ്പിക്കുന്നതിനുമാണ് ലീഗ് നേതൃത്വം ഇങ്ങനെയൊരു നിലപാടെടുത്തത്.

ലീഗിനു പിന്തുണയുമായി കേരള കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. അഞ്ചാം മന്ത്രി ലീഗിന് അര്‍ഹതപ്പെട്ടതാണെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതും കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നതിനുതന്നെ. എന്നാല്‍ രാജ്യസഭാ സീറ്റിനു വേണ്ടി ലീഗിന്റെ പിന്തുണയുണ്ടാകുവാനുള്ള ഒരു പ്രസ്ഥാവനയായും കോണ്‍ഗ്രസ് മാണിയുടെ ഈ നിലപാടിനെ കാണുന്നുണ്ട്.

ഇതുസംബന്ധിച്ച കെ. മുരളീധരന്റെ പ്രസ്താവനയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. മുരളീധരന്‍ തന്നെ സ്വന്തം നിലപാട് അവതരിപ്പിക്കും. അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണു മുരളീധരന്‍ പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുരളീധരന്റെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെയും സമാനമായ പ്രസ്താവനകള്‍ ഒരേദിവസമാണു പുറത്തുവന്നത്. കോണ്‍ഗ്രസിലെ ഒറ്റപ്പെട്ട ശബ്ദമായ സുധീരന്റെ വഴിക്കുള്ള മുരളിയുടെ നീക്കവും ഇന്നത്തെ കെ.പി.സി.സി. യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.