കേരളത്തെ കാത്തിരിക്കുന്നത് ഭീകരമായ ഊര്‍ജ്ജ പ്രതിസന്ധി: കെ.സി. വേണുഗോപാല്‍

single-img
2 April 2012

ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കേരളം വലിയ ഊര്‍ജ പ്രതിസന്ധി നേരിടേണ്ടുവരുമെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. ഓരോ വര്‍ഷം കഴിയുംതോറും വൈദ്യുതി ഉപഭോഗം കേരളത്തില്‍ കൂടിവരികയാണ്. എന്നാല്‍, അതിനനുസരിച്ചുള്ള ഉത്പാദനം ഇല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദനത്തില്‍ 100 മെഗാവാട്ട് കേരളത്തിന്റെ സംഭാവനയായിരുന്നു. എന്നാല്‍, 2012 സാമ്പത്തിക വര്‍ഷത്തില്‍ 75,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനു കേന്ദ്രം ലക്ഷ്യമിടുമ്പോള്‍ കേരളത്തിന്റെ വിഹിതമായി ഒരു മെഗാവാട്ട്‌പോലുമില്ല. വരും വര്‍ഷങ്ങളില്‍ ഈ സ്ഥിതി തുടരുമെന്നാണു സൂചന- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കേരളത്തിന് 2016ഓടെ 4,800 മെഗാവാട്ട് വൈദ്യുതി ആവശ്യമായിവരുമെന്നാണ് ഇപിആര്‍ സര്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ഉത്പാദനമനുസരിച്ച് 1,000 മെഗാവാട്ടിന്റെ കുറവുണ്ടാകും.

ഈ കുറവു പരിഹരിക്കാന്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണെ്ടത്തുകയാണു വേണ്ടത്. 25 മെഗാവാട്ടിന്റെ മിനി ജലവൈദ്യുത പദ്ധതികള്‍ കൂടുതലായി സംസ്ഥാനത്തു നടപ്പാക്കുകയാണ് ഒരു മാര്‍ഗം. അതുപോലെ, പാരമ്പര്യേതര ഊര്‍ജ പദ്ധതികളില്‍നിന്നു കൂടുതല്‍ വൈദ്യുതി കണെ്ടത്തണം.

ദക്ഷിണേന്ത്യയില്‍ കേരളം പോലെതന്നെ ഊര്‍ജപ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളാണു തമിഴ്‌നാടും കര്‍ണാടകയും. എന്നാല്‍, ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതികള്‍ ഇരു സംസ്ഥാനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ നാം മുന്നോട്ടുപോയാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി പരിഹരിക്കപ്പെടുമ്പോള്‍ കേരളം വൈദ്യുതി ക്ഷാമത്തില്‍ തുടരുന്നതാകും കാണേണ്ടിവരികയെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.