ഇന്ധനവില ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഇന്‍ഡോനേഷ്യയില്‍ പാര്‍ലമെന്റ് തടഞ്ഞു

single-img
31 March 2012

ഇന്ത്യയില്‍ ഇന്ധനവില മാസംതോറുമെന്ന നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കേ ഇന്‍ഡോനേഷ്യയില്‍ ഇന്ധനവില ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റ് തടഞ്ഞു. ഇന്ധനവിലയില്‍ 30 ശതമാനത്തോളം വര്‍ധന വരുത്താനുള്ള തീരുമാനമാണ് പാര്‍ലമെന്റ് തടഞ്ഞത്. എന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി ഭാവിയില്‍ വില ഉയര്‍ത്താന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ വിലവര്‍ധന പ്രാബല്യത്തിലാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 550 അംഗ സഭയില്‍ 356 അംഗങ്ങള്‍ ഉപാധികളോടെയുള്ള വിലവര്‍ധനയ്ക്ക് അനുമതി നല്‍കി വോട്ടു ചെയ്തു. 82 പേര്‍ ഇതിനെയും എതിര്‍ത്തു. ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ഇറങ്ങിപ്പോക്കുകള്‍ക്കും ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇന്ധനവില ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരേ തെരുവുകളില്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.