ലങ്ക ജയിച്ചു; ഇംഗ്ലണ്ടിന്റെ ഒന്നാം റാങ്ക് ഭീഷണിയില്‍

single-img
30 March 2012

ശ്രീലങ്ക- ഇംഗ്ലണ്ട് ടെസ്റ്റില്‍ ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ഒരു ദിവസം ബാക്കി നില്‍ക്കേ 75 റണ്‍സിന് ശ്രീലങ്ക കീഴടക്കി. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. രണ്ടിന്നിംഗ്‌സില്‍ നിന്നുമായി 12 വിക്കറ്റ് വീഴ്ത്തിയ ഹെരാത്താണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ശ്രീലങ്ക 318, 214. ഇംഗ്ലണ്ട് 193, 264.

340 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. 40 റണ്‍സുമായി ട്രോട്ടും 29 റണ്‍സുമായി കെവിന്‍ പീറ്റേഴ്‌സനുമായിരുന്നു ക്രീസില്‍. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍കൂടി ചേര്‍ത്ത് പീറ്റേഴ്‌സന്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍തന്നെ പുറത്ത്. തുടര്‍ന്നെത്തിയ ഇയാന്‍ ബെല്‍ (13) ഒരുമണിക്കൂറോളം ക്രീസില്‍ ചെലവിട്ടെങ്കിലും ഒടുവില്‍ ഹെരാത്തിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. ഒരറ്റത്ത് ചെറുത്തുനിന്ന ജോനാഥന്‍ ട്രോട്ടിന്റെ (112)സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്. ട്രോട്ടും മാര്‍ക്ക് പ്രയറും (41) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 81 റണ്‍സ് കണെ്ടത്തി. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ട്രോട്ട് – പ്രയര്‍. പ്രയറിനെ ഹെരാത് തിരിമനയുടെ കൈകളിലെത്തിച്ച് മത്സരം ലങ്കയ്ക്ക് അനുകൂലമാക്കി. 266 പന്തു നേരിട്ട് 112 റണ്‍സെടുത്ത ട്രോട്ടിനെ രണ്‍ദീവും പുറത്താക്കി. ടെസ്റ്റില്‍ 8,000 റണ്‍സ് തികയ്ക്കാന്‍ 12 റണ്‍സ് കൂടി മതിയായിരുന്നു ട്രോട്ടിന്. വാലറ്റത്തെ ഹെരാത്തും രണ്‍ദീവും ചേര്‍ന്ന് ചുരുട്ടിക്കെട്ടിയതോടെ ഇംഗ്ലണ്ട് 264 നു പുറത്ത്. ലങ്കയ്ക്കുവേണ്ടി ഹെരാത് 97 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. രണ്‍ദീവ് നാലു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ 74 റണ്‍സ് വഴങ്ങിയാണ് ഹെരാത് ആറു വിക്കറ്റ് പിഴുതത്.

തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയേറി. ഏപ്രില്‍ മൂന്നിന് കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനത്തു തുടരാന്‍ സാധിക്കൂ.