മന്ത്രിയുമായി പ്രശ്‌നങ്ങളില്ലെന്ന് വി. കെ. സിംഗ്

single-img
30 March 2012

സര്‍ക്കാരും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പ്രതിരോധമന്ത്രിയെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിച്ചെന്നും വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് സര്‍ക്കാരിന് അനുകൂലമായി നിലപാടു മാറ്റി. ചില മാധ്യമങ്ങള്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന്, സൈന്യത്തിലെ അഴിമതി സംബന്ധിച്ച വിവാദം നീളുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയ കരസേനാ മേധാവി കുറ്റപ്പെടുത്തി. സൈന്യം സര്‍ക്കാരിന്റെ ഭാഗം തന്നെയാണെന്നു ചൂണ്ടിക്കാട്ടിയ ജനറല്‍ സിംഗ് വിവാദ വിഷയങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിനെതിരെ ഇതുവരെ കടുത്ത നിലപാടു സ്വീകരിച്ചുവന്ന കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് നിലപാടുകളില്‍ മാറ്റം വരുത്തിയെന്നാണ് ഇതിലെ സൂചന.

പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി അഭിപ്രായ ഭിന്നതയൊന്നുമില്ലെന്നും ചില ഛിദ്രശക്തികള്‍ തന്നെയും മന്ത്രിയെയും തമ്മില്‍ അകറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവിയായ താനും സര്‍ക്കാരിന്റെ ഭാഗമാണെന്ന് ഇന്നലെ അദ്ദേഹം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഓരോ പ്രശ്‌നവും പര്‍വതീകരിച്ചു തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് ജനറല്‍ സിംഗ് കുറ്റപ്പെടുത്തി.