സൈന്യാധിപന് കോഴ: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

single-img
30 March 2012

കരസേനയിലെ വാഹനങ്ങള്‍ക്കായുള്ള കരാര്‍ ലഭിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവിയുടെ ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന നിര്‍മാതാക്കളായ ടാട്രാ-വെക്ട്രയിലെ പ്രധാന ഓഹരി ഉടമകളായ വെക്ട്ര ഗ്രൂപ്പിനെതിരായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെക്ട്ര ഗ്രൂപ്പ് ഉടമ രവി ഋഷിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. കരസേനയ്ക്കും പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിനും ടാട്രാ ട്രക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനമാണ് ടാട്രാ-വെക്ട്ര. 1500 ടാട്രാ ട്രക്കുകള്‍ക്കായുള്ള കരാര്‍ സ്വന്തമാക്കുന്നതിനായിട്ടാണ് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇടപാടില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നാണ് രവി ഋഷിയുടെ പ്രതികരണം. മിസൈലുകള്‍ കൊണ്ടുപോകാന്‍ വര്‍ഷങ്ങളായി കരസേന ഉപയോഗിച്ചുവരുന്ന വാഹനമാണ് ടാട്രാ ട്രക്കുകള്‍.