നോയ്ഡ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടും

single-img
30 March 2012

നോയ്ഡ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായി. കേരളത്തിലെ ഒന്‍പത് എംപിമാര്‍ അടങ്ങുന്ന സംഘം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഒരു മാസത്തിനുള്ളില്‍ ശമ്പള വര്‍ധന നടപ്പാക്കുമെന്നും നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നു നഴ്‌സുമാര്‍ സമരം പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടാമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിനു ഉറപ്പു നല്‍കി. നഴ്‌സുമാരുടെ തൊഴില്‍ സുരക്ഷയും മികച്ച സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കുന്നതിനു നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.