ജബ്ബാര്‍ വധക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു

single-img
30 March 2012

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയായിരുന്ന ജബ്ബാറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം പെര്‍ള ഏരിയാ സെക്രട്ടറിയടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 നവംബര്‍ മൂന്നിനാണ് ജബ്ബാര്‍ കൊല്ലപ്പെട്ടത്. കേസില്‍ രാഷ്ട്രീയ, ഗുണ്ടാ, മാഫിയ ബന്ധങ്ങള്‍ ഉള്ളതിനാല്‍ പ്രതികളുടെ 14 വര്‍ഷത്തെ തടവു ശിക്ഷയില്‍ ഇളവ് നല്‍കരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു സാധാരണ കൊലപാതകമായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. സിപിഎം പെര്‍ള ഏരിയാ സെക്രട്ടറി സുധാകര എന്ന സുധാകര മാസ്റ്റര്‍, കാസര്‍ഗോഡ് ബദിയടുക്കയിലെ ഗുണ്ടാനേതാവ് മൊയ്തീന്‍ കുഞ്ഞി എന്ന മൊയ്‌നി, പെര്‍ള അബ്ദുല്ലകുഞ്ഞി എന്ന നടുബയില്‍ അബ്ദുല്ല, മംഗല്‍പാടി രവി എന്ന രവി പഞ്ചംപാല, ബള്ളൂര്‍ അബ്ദുല്‍ ബഷീര്‍ എന്ന ബഷീര്‍, ഗുണ്ടാ സംഘാംഗമായ പൈവെളികയിലെ മഹേഷ്, യശ്വന്ത്കുമാര്‍ എന്ന യശ്വു എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരെ ഇന്നലെ കുറ്റക്കാരെന്ന് കോടതി കണ്‌ടെത്തിയിരുന്നു.