ഹോണ്ടൂറാസ് ജയിലില്‍ തീപിടുത്തം; 13 മരണം

single-img
30 March 2012

ഹോണ്ടൂറാസിലെ സാന്‍ പെട്രോ സുല ജയിലില്‍ കലാപത്തിലും തീപിടുത്തത്തിലും 13 തടവുകാര്‍ മരിച്ചു. തടവുകാര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നുവെന്നും ഇതിനിടെയാണ് തീപിടുത്തമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ജയിലിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് കമ്മീഷണര്‍ യായിര്‍ മെസ വ്യക്തമാക്കി. കലാപത്തിനിടെ ഒരു തടവുകാരന്റെ തല സഹതടവുകാര്‍ വെട്ടിയതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ജയിലുകളിലെ സുരക്ഷ ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞതായി ആഭ്യന്തരമന്ത്രി പോംപെയോ ബൊനില്ല പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായും ബൊനില്ല വ്യക്തമാക്കി. കഴിഞ്ഞമാസം വടക്കന്‍ നഗരമായ കൊമായഗ്വയിലെ ജയിലിലുണ്ടായ അഗ്നിബാധയില്‍ 360 തടവുകാരാണ് മരിച്ചത്. അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയില്‍ നിന്നുമാണ് കൊമായഗ്വ ജയിലില്‍ അഗ്നിബാധയുണ്ടായത്.