ആന്റണി രാജിവയ്ക്കണമെന്ന് അച്യുതാനന്ദന്‍

single-img
30 March 2012

രാജ്യരക്ഷാ കാര്യങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുകയും കഴിവുകേടു തെളിയിക്കുകയും ചെയ്ത പ്രതിരോധമന്ത്രി എ.കെ ആന്റണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പ്രതിരോധ വകുപ്പ് മുമ്പൊരു കാലത്തും ഇത്രയും ഗുരുതരമായ ആരോപണ- പ്രത്യാരോപണങ്ങള്‍ക്കു വേദിയായിട്ടില്ലെന്നും, ആന്റണി പ്രതിരോധ മന്ത്രിയായ ശേഷം കുംഭകോണങ്ങളുടെ ഘോഷയാത്രയാണു നടക്കുന്നതെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ടു ജി സ്‌പെക്ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, രണ്ടു ലക്ഷം കോടിയുടെ എസ് ബാന്‍ഡ് കരാര്‍, പത്തരലക്ഷം കോടിയോളം രൂപ നഷ്ടമുണ്ടാക്കിയതായി സിഎജി കണെ്ടത്തിയ കല്‍ക്കരി ഖനന ഇടപാട് തുടങ്ങി യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച കുംഭകോണങ്ങളുടെ ഘോഷയാത്രയില്‍ ഇപ്പോള്‍ ആന്റണിയുടെ വകുപ്പും സംഭാവന നല്‍കിയിരിക്കുകയാണ്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എഐസിസി നല്‍കിയ ഭാരിച്ച ഫണ്ടിന്റെ സ്രോതസ് അറിയാവുന്നതുകൊണ്ടാകണം കോണ്‍ഗ്രസ് നേതാക്കള്‍ ആന്റണിയെ ന്യായീകരിക്കുന്നതെന്നും വിഎസ് പറഞ്ഞു.