സിറിയയിൽ രണ്ട് കേണലുകൾ കൊല്ലപ്പെട്ടു

single-img
29 March 2012

കോഫീ അന്നൻ മുന്നോട്ട് വെച്ച സമാധാന പദ്ധതി സിറിയ അംഗീകരിച്ചെങ്കിലും രാജ്യത്ത് അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല.ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത സംഭവത്തിൽ സായുധ സേനയിലെ രണ്ട് കേണലുകൾ തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.സിറിയൻ ഭരണാധികാരിയായ ബാഷർ അസ്സദിന്റെ ശക്തി കേന്ദ്രവും രാജ്യത്തെ വലിയ പട്ടണങ്ങളിൽ ഒന്നുമായ അലെപ്പോയിൽ ആണ് ദേശീയ മാധ്യമങ്ങൾ തീവ്രവാദികളുടെ ആക്രമണമെന്ന് കുറ്റപ്പെടുത്തിയ സംഭവം നടന്നത്.സേനയിലെ ഉയർന്ന ഓഫീസർമാരായ അബ്ദെൽ കരിം അൽ റായ്,ഫൌദ് ഷബാൻ എന്നിവരാണ് മരിച്ചത്.ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇറാഖിൽ തുടങ്ങാനിരിക്കുന്ന ആദ്യ അറബ് ഉച്ചകോടിയിൽ സിറിയയിലെ രാഷ്ട്രീയാന്തരീക്ഷത്തെ സംബന്ധിക്കുന്ന ചർച്ചകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അക്രമങ്ങൾ രാജ്യത്ത് അരങ്ങേറുന്നത്.രാജ്യത്ത് വെടിനിർത്തൽ നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് കണക്കാക്കുന്നത്.