യു.ഡി.എഫിലേക്കു പോകുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന തീരുമാനം മാറ്റിയതായി സെല്‍വരാജ്

single-img
29 March 2012

താന്‍ യു.ഡി.എഫിലേക്കു പോകുന്നെങ്കില്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നുള്ള തന്റെ തീരുമാനം മാറ്റിയതായി രാജിവച്ച് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. സെല്‍വരാജ്. നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുഡിഎഫിലേക്ക് ഒരിക്കലും പോകില്ലെന്നും അത് ആത്മഹത്യാപരമാണെന്നും എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശെല്‍വരാജ് തുറന്നടിച്ചിരുന്നു. ഈ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്‌ടോയെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ശെല്‍വരാജ് മനംമാറ്റം വ്യക്തമാക്കിയത്. അന്നത്തെ തന്റെ അഭിപ്രായം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. ക്രമേണ തന്റെ അഭിപ്രായം പുനര്‍വിചിന്തനം നടത്തുകയും അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അന്ന് പെട്ടന്നുണ്ടായ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും തമ്മില്‍ വ്യത്യാസമുണ്‌ടെന്നും ശെല്‍വരാജ് പറഞ്ഞു. പ്രവര്‍ത്തകരുമായി ആലോചിച്ച് പുതിയ സാഹചര്യത്തിന് അനുസരിച്ച് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോയെന്ന ചോദ്യത്തിന് ആത്മഹത്യ ചെയ്യുന്നത് ഒരു പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ശെല്‍വരാജിന്റെ മറുപടി.