കാര്‍ഷികമേഖലയുടെ വളര്‍ച്ച രാജ്യത്തിന്റെ നിലനില്പിന് ആവശ്യം: മുഖ്യമന്ത്രി

single-img
29 March 2012

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആകാശവാണിയുടെ വയലുംവീടും പരിപാടിയുടെ വാര്‍ഷികാഘോഷം കരുവാറ്റ സെന്റ് ജെയിംസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മുതല്‍മുടക്കുള്ള പദ്ധതികളേപ്പറ്റി ചിന്തിക്കുമ്പോള്‍ കാര്‍ഷിക മേഖലയുടെ ഉയര്‍ച്ചയായിരിക്കണം ലക്ഷ്യമിടേണ്ടത്. കാര്‍ഷികമേഖലയില്‍ തിരിച്ചടിയുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുമ്പ് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടായപ്പോള്‍ അതിനെ നേരിടാന്‍ നാം ഏറെ പാടുപെട്ടു. ഒന്നിനുവില കൂടിയാല്‍ മറ്റൊന്നിനു വിലകുറയും. അതൊരു പ്രക്രിയയാണ്.

എന്നാല്‍ മുമ്പ് കാര്‍ഷികോത്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞപ്പോള്‍ കേരളം സ്തംഭിച്ചിരുന്നു. അന്ന് കാര്‍ഷിക മേഖലയില്‍ നിന്നും ആദായമെടുക്കുന്നതു പോലും ലാഭകരമല്ലായിരുന്നു. കാര്‍ഷികമേഖലയുടെ വളര്‍ച്ച പരമപ്രധാനമാണ്. ഇതു മനസിലാക്കിയാണ് സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കിയത്. കര്‍ഷകന് പ്രതീക്ഷയുണ്ടായാല്‍ മാത്രമേ രാജ്യം സാമ്പത്തിക ഉയര്‍ച്ച നേടൂ. ജൈവകൃഷി ശാസ്ത്രീയമായി പരീക്ഷിക്കുകയും വിജയിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.