കോഴ വാഗ്ദാനം ലഭിച്ചിട്ടില്ലെന്ന് ദേവഗൌഡ

single-img
29 March 2012

കോഴ വിവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ വിട്ടൊഴിയുന്ന ലക്ഷണമില്ല.ഏറ്റവും പുതിയതായി പട്ടികയിലിടം പിടിച്ചിരിക്കുന്നത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് തന്റെ പിതാവായ എച്ച് ഡി ദേവ ഗൌഡയ്ക്ക് കോഴ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന എച്ച് ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലും അതിനെത്തുടർന്ന് മകൻ പറഞ്ഞത് തെറ്റാണെന്ന ദേവ ഗൌഡയുടെ തിരുത്തും.മകന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന് മുൻപ് ദേവഗൌഡ പ്രസ്താവന നിഷേധിച്ചത് കുമാരസ്വാമിയുടെ വെളിപ്പെടുത്തൽ ദുരൂഹതയിലാഴ്ത്തി.തനിക്ക് കോഴ വാഗ്ദാനമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദേഹം അറിയിച്ചത്. പ്രതിരോധ ഇടപാടുകൾക്ക് കോഴ നൽകാൻ ശ്രമമുണ്ടായെന്നാണ് കുമാരസ്വാമി തെളിവുകൾ ഒന്നും നൽകാതെ പറഞ്ഞത്.കരസേന മേധാവി വി.കെ.സിംഗ് തനിക്ക് കോഴ വാഗ്ദാനം ചെയ്യപ്പെട്ടെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇക്കാര്യവും തുറന്ന് പറയുന്നു എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.