ബല്‍വന്ത് സിംഗ് റജോണയുടെ വധശിക്ഷ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തു

single-img
28 March 2012

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിയാന്ത് സിംഗ് വധക്കേസിലെ പ്രതി ബല്‍വന്ത് സിംഗ് റജോണയുടെ വധശിക്ഷ സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരാണ് വധശിക്ഷ സ്റ്റേ ചെയ്തത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ രാഷ്ട്രപതിയെ വൈകിട്ട് നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുശേഷമാണ് ശിക്ഷ സ്റ്റേ ചെയ്തത്.

ഈ മാസം 31 ന് റജോണയെ തൂക്കിലേറ്റണമെന്ന് പാട്യാലയിലെ വിചാരണക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പേരില്‍ പഞ്ചാബില്‍ വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. 1995 ഓഗസ്റ്റ് 31നാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ബിയാന്ത് സിംഗിനെ ചണ്ഡീഗഡിലെ ഓഫീസിന് മുന്നില്‍വെച്ച് ബബ്ബര്‍ഖല്‍സ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ദിലാവര്‍ എന്ന തീവ്രവാദി മനുഷ്യബോംബായി പൊട്ടിത്തെറിച്ച സംഭവത്തില്‍ മറ്റ് 17 പേരും മരിച്ചു. ദിലാവറിന്റെ ദൗത്യം പരാജയപ്പെട്ടാല്‍ പകരക്കാരനാകാന്‍ തയ്യാറായി നിന്ന രണ്ടാമത്തെ മനുഷ്യബോംബായിരുന്നു റജോണ. കേസില്‍ റജോണയ്ക്കും ജഗ്താര്‍ സിംഗ് ഹവാരയ്ക്കും വധശിക്ഷയും മറ്റുമൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമായിരുന്നു വിധിച്ചത്.