ഇനി മുതല്‍ ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം: മുഖ്യമന്ത്രി

single-img
28 March 2012

ഇനിമുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കില്ല എന്ന തീരുമാനത്തിന് കേന്ദ്ര ടൂറിസം വകുപ്പ് എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിന് എതിരാണെന്നു പറഞ്ഞാണ് അവര്‍ എതിര്‍ത്തത്. മദ്യബോധവത്കരണ പരിപാടിയില്‍ സര്‍ക്കാര്‍ പങ്കാളിയാകും. പാഠ്യപദ്ധതിയില്‍ ഇതുള്‍പ്പെടുത്തുന്നതു പ്രത്യേകമായി പരിഗണിക്കും. മദ്യത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ വരുമാനമായി കാണുന്നില്ല. ചില പ്രശ്‌നങ്ങള്‍ കാരണം ഇതു വേണെ്ടന്നു വയ്ക്കാനും കഴിയില്ല. കേരളം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നിട്ടു നിന്ന സംസ്ഥാനമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. മദ്യം ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണം നടത്തി സമൂഹത്തെ ബോധ്യപ്പെടുത്തണം. വി.എം. സുധീരനെപ്പോലുള്ളവര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതു ശരിയാണെന്ന അഭിപ്രായക്കാരനാണു താനെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.