ഇംഗ്ലണ്ട് – ശ്രീലങ്ക പോരാട്ടം ബലാബലം

single-img
28 March 2012

ഇംഗ്ലണ്ട് – ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളംവാണത് സ്പിന്നര്‍മാര്‍. രണ്ടാം ദിവസം വീണ 17 വിക്കറ്റുകളില്‍ 12 എണ്ണം സ്വന്തമാക്കിയത് സ്പിന്നര്‍മാര്‍. സ്പിന്‍ ബൗളിംഗില്‍ ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 125 റണ്‍സ് ലീഡ് സ്വന്തമാക്കി. ജയവര്‍ധനയുടെ (180) സെഞ്ചുറിയുടെ മികവില്‍ ആദ്യ ഇന്നിംഗ്‌സില്‍ 318 റണ്‍സ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 193 ല്‍ ഒതുക്കി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ്. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കേ ലങ്കയ്ക്ക് 209 റണ്‍സ് ലീഡാണുള്ളത്.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ലങ്ക 318 ല്‍ എത്തിയപ്പോള്‍ പുറത്തായി. 168 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജയവര്‍ധന 180 ല്‍ എത്തിയപ്പോള്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ 72 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഹെരാത്തിന്റെ സ്പിന്നിലൂടെ ലങ്ക വരിഞ്ഞുമുറുക്കി. അലിസ്റ്റര്‍ കുക്കിനെ (0) തുടക്കത്തിലേ പുറത്താക്കി ഹെരാത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് ജോനാഥന്‍ ട്രോട്ട് (12), ആന്‍ഡ്രൂ സ്‌ട്രോസ് (26), പ്രയര്‍ (7), സമിത് പട്ടേല്‍ (2), സ്റ്റ്യൂവര്‍ട്ട് ബ്രോഡ് (28) എന്നിവരും ഹെരാതിനു മുന്നില്‍ കീഴടങ്ങി. ബ്രോഡും പവലിയനിലേക്കു മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 32.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 122 എന്ന ദയനീയസ്ഥിതിയിലായി. ഇയാന്‍ ബെല്‍ (52) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ഒടുവില്‍ 46.4 ഓവറില്‍ 193 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ശ്രീലങ്കയ്ക്കുവേണ്ടി ഹെരാത് 74 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.