പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍(77) അന്തരിച്ചു

single-img
28 March 2012

പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍(77) അന്തരിച്ചു. കോഴിക്കോട് സ്വവസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഹരിഹരന്‍ സംവിധാനം ചെയ്ത ലൗ മാര്യേജ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് അദ്ദേഹം തിരക്കഥാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട എണ്‍പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. ഇതില്‍ എ.വി.ശശി- ടി..ദാമോദരന്‍ കൂട്ടുക്കെട്ട് ഇരുപതോളം ചിത്രങ്ങള്‍ ചെയ്തു. ടി.ദാമോദരന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍ എന്നീ ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍പ്പെടുന്നു. വി.എം.വിനു സംവിധാനം ചെയ്ത യെസ് യുവര്‍ ഓണര്‍ ആണ് അദ്ദേഹത്തിന്റെ അവസാന തിരക്കഥ. പ്രിയദര്‍ശനുമൊന്നിച്ച് അദ്ദേഹം ചെയ്ത ആര്യന്‍, അദൈ്വതം, അഭിമന്യു, കാലാപാനി എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

1936 സെപ്റ്റംബര്‍ 15ന് കോഴിക്കോട്ട് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി ബേപ്പൂരിലായിരുന്നു ടി.ദാമോദരന്റെ ജനനം. മീഞ്ചന്ത എലിമെന്ററി സ്‌കൂള്‍, ബേപ്പൂര്‍ ഹൈസ്‌കൂള്‍, ചാലപ്പുറം ഗണപത് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. ഫാറൂഖ് കോളജിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ ചേര്‍ന്നു. കോഴ്‌സ് പാസായതോടെ മാഹി അഴിയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ബേപ്പൂര്‍ സ്‌കൂളിലെത്തി. അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു.