കടുത്ത പ്രതിസന്ധിക്കിടയില്‍ ഇന്നു യുഡിഎഫ് നേതൃയോഗം

single-img
27 March 2012

മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രിയും ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവും തര്‍ക്കവിഷയമായിരിക്കേ ഇന്നു യുഡിഎഫ് നേതൃയോഗം ചേരുന്നു. ഉച്ചകഴിഞ്ഞു മൂന്നിനാണു യോഗം.ഇരുവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്കു വരുമെന്നു യുഡിഎഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടാകണമെന്ന കടുംപിടിത്തത്തിലാണു ലീഗ് നേതൃത്വം. എന്നാല്‍, ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതിനോടു കോണ്‍ഗ്രസിനു യോജിപ്പില്ല. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ അനൂപിന്റെ സത്യപ്രതിജ്ഞ നടത്തുന്നതിനോടു ലീഗ് യോജിക്കുന്നില്ല.

പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയെ കിട്ടാതെ ഇനി മുന്നോട്ടു പോകാനാകില്ലെന്നു ലീഗ് നേതാക്കള്‍ പരസ്യമായി അറിയിച്ചിട്ടുണ്ട്. ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഈആവശ്യത്തില്‍നിന്നു പിന്നോക്കം പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അവര്‍. വേണ്ടിവന്നാല്‍ ലീഗിന്റെ മുഴുവന്‍ മന്ത്രിമാരെയും പിന്‍വലിച്ചുകൊണ്ട് സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ നല്‍കുന്ന കാര്യം വരെ ആലോചിക്കണമെന്നു ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം യുഡിഎഫ് നേതൃത്വത്തിനു വെല്ലുവിളി തന്നെയാണ്. അഞ്ചാം മന്ത്രിസ്ഥാനവുമായി അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ബന്ധപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇന്നു യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുള്ള ആര്‍. ബാലകൃഷ്ണപിള്ള ഗണേഷ്‌കുമാറിനെ പുറത്താക്കണമെന്ന വാശിയിലാണ്. എന്നാല്‍, പിള്ളയുടെ ആവശ്യത്തോട് യുഡിഎഫില്‍ പൊതുവേ അനുകൂല നിലപാടില്ല.