രാമസേതു ദേശീയ സ്മാരകമാക്കാനാവുമോയെന്ന് സുപ്രീംകോടതി

single-img
27 March 2012

രാമസേതു ദേശീയ സ്മാരാകമാക്കനാവുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാമസേതു വഴിയുള്ള നിര്‍ദിഷ്ട കപ്പല്‍ പാത പദ്ധതി സംബന്ധിച്ച് പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആര്‍.കെ.പച്ചൗരി സമിതി ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാക് ഉള്‍ക്കടലും മാന്നാര്‍ കടലിടുക്കും ബന്ധപ്പെടുത്താന്‍ രാമസേതുവും ആദമിന്റെ പാലവും പോലുള്ള ചെറുദ്വീപുകളെ കോര്‍ത്തിണക്കുന്ന നിര്‍ദിഷ്ട കപ്പല്‍പ്പാതയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നിരുന്നു. രാമസേതുവിലെ മണ്ണ് നീക്കാനുള്ള ശ്രമമാണ് എതിര്‍പ്പിന് വഴിവെച്ചത്. ലങ്കയിലേക്ക് കടല്‍ കടക്കാന്‍ ശ്രീരാമന്‍ നിര്‍മിച്ചതായി കരുതുന്ന രാമസേതുവിലെ മണ്ണ് നീക്കം ചെയ്യുന്നത് അതിന്റെ നാശത്തിന് വഴിവെക്കുമെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും രംഗത്തു വരികയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മുന്‍കൈയെടുത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ. പച്ചൗരിയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചിരുന്നു. രാമസേതു ഒഴിവാക്കിയുള്ള ബദല്‍പാത നിര്‍ദേശിക്കാനാണ് സമിതിയെ നിയമിച്ചത്.