അനൂപിന്റെ മന്ത്രിസഭാ പ്രവേശനം തീരുമാനം ഇന്നെന്നു ജോണി നെല്ലൂര്‍

single-img
27 March 2012

അനൂപ് ജേക്കബിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഇന്നത്തെ യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോട്ടയത്തു പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാപനങ്ങളിലേക്കു പാര്‍ട്ടിക്കു ലഭിക്കേണ്ട അംഗങ്ങളുടെ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍ മുന്നണി യോഗത്തില്‍ അറിയിക്കും. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്കണമെന്നതു ന്യായമായ ആവശ്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ള നിലപാടും ഇന്നു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അറിയിക്കും.

അനൂപ് മന്ത്രിയാകുമ്പോള്‍ ടി. എം. ജേക്കബിനു ലഭിച്ച വകുപ്പുകള്‍ വെച്ചുമാറേണ്ട സാഹചര്യമില്ല. പാര്‍ട്ടിക്കു ലഭിച്ച വകുപ്പുകളില്‍ മാറ്റം വരുത്തുമെന്നു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വകുപ്പുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കുന്ന രീതിയിലാണു മുഖ്യമന്ത്രിയുടെ ഭരണം. അനൂപിന്റെ മന്ത്രിസ്ഥാനവും വകുപ്പു സംബന്ധിച്ച തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണു കരുതുന്നതെന്നു ജോണി നെല്ലൂര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നിലപാടുകള്‍ പറയാന്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പിറവം ഉപതെരഞ്ഞെടുപ്പിലുണ്ടായ ഐക്യം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും ഉണ്ടായാല്‍ യുഡിഎഫിനു മികച്ച വിജയം നേടാനാകും. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി അനൂപ് ജേക്കബിനെ യോഗം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച തീരുമാനം നിയമസഭാ സ്പീക്കറെ രേഖാമൂലം അറിയിക്കുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.