പ്രധിഷേധം:യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

single-img
27 March 2012

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതില്‍ പ്രതിഷേധിച്ച് ടിബറ്റന്‍ യുവാവ് ഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ജംപ യെഷി (27) ആണ് ദേഹത്ത് എണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ജന്ദര്‍മന്തറില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ചൈനീസ് പ്രസിഡന്റ് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തുന്നത്. ഇതിനെതിരെ നൂറുകണക്കിന് ടിബറ്റുകാര്‍ ജന്ദര്‍മന്തറില്‍ സമരം നടത്തുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് തീക്കൊളുത്തിയ യുവാവ് ആളിക്കത്തുന്ന വസ്ത്രങ്ങളുമായി സമരക്കാര്‍ക്കിടയിലൂടെ ഓടി.ഒപ്പമുണ്ടായിരുന്നവർ വെള്ളവും തുണിയും മറ്റുമുപയോഗിച്ചു തീ അണയ്ക്കുകയായിരുന്നു.

ടിബറ്റുകാര്‍ പ്രതിഷേധ സൂചകമായി ദേഹത്ത് തീക്കൊളുത്തുന്ന ഇന്ത്യയിലെ ആദ്യസംഭവമാണിത്. 2006-ല്‍ ടിബറ്റില്‍നിന്ന് രക്ഷപ്പെട്ട യെഷി രണ്ടുവര്‍ഷമായി ഇന്ത്യയിലാണ് താമസം.ഒരുവര്‍ഷത്തിനിടെ മുപ്പതോളം ടിബറ്റുകാര്‍ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തീക്കൊളുത്തി പ്രതിഷേധിച്ചിരുന്നു. ടിബറ്റില്‍ ചൈനീസ് ഭരണകൂടം തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതില്‍ ഇരുപതോളം പേര്‍ മരിച്ചിരുന്നു.