ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുറ്റപത്രത്തിന്റെ പകര്‍പ്പു വിഎസിനു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍

single-img
26 March 2012

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രവും മറ്റു രേഖകളും നല്‍കണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യം നീതിനിര്‍വഹണത്തില്‍ ഇടപെടാനുള്ള ശ്രമമാണെന്നും അത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം നല്‍കിയ കുറ്റപത്രം, സാക്ഷിമൊഴികളുടെ പകര്‍പ്പ്, കേസിന്റെ മഹസര്‍, റിപ്പോര്‍ട്ടിലെ മറ്റു രേഖകള്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അച്യുതാനന്ദന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതു സര്‍ക്കാരാണ്. മൂന്നാമതൊരു കക്ഷിക്ക് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ വ്യവസ്ഥയില്ല. നിയമപ്രകാരം വിവരം നല്‍കിയ വ്യക്തിക്കോ, ആവശ്യമെങ്കില്‍ പ്രതിക്കോ ചില രേഖകള്‍ കൈമാറാമെന്നു ക്രിമിനല്‍ നടപടിക്രമത്തില്‍ പറയുന്നുണ്ട്. എന്നാല്‍, രേഖകള്‍ ആവശ്യപ്പെടാന്‍ മറ്റൊരു വ്യക്തിക്കും അധികാരമില്ല. സര്‍ക്കാര്‍ വ്യക്തമാക്കുന്നു.