എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 2 മുതല്‍

single-img
26 March 2012

വലിയ പരാതികള്‍ക്കു വകനല്‍കാതെ എസ്എസ്എല്‍സ് പരീക്ഷ സമാപിച്ചു. പിറവം തെരഞ്ഞെടുപ്പിനെതുടര്‍ന്നു മാറ്റിവച്ച ഫിസിക്‌സ് പരീക്ഷയാണ് ഇന്നലെ നടന്നത്. 2758 കേന്ദ്രങ്ങളിലായി 4.70 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പത്താംക്ലാസിലെ പരീക്ഷയെഴുതിയത്. കഴിഞ്ഞ 12 നാണ്് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയത്. എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ രണ്ടിനാരംഭിക്കും.

രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയക്യാമ്പുകള്‍ നടക്കുന്നത്. ആദ്യ ഘട്ടം രണ്ടു മുതല്‍ നാലുവരെയും രണ്ടാം ഘട്ടം ഒമ്പതുമുതല്‍ 20 വരെയുമാണ്. പെസഹാ വ്യാഴം, ദുഃഖവെള്ളി, വലിയശനി, ഈസ്റ്റര്‍ എന്നിവ പ്രമാണിച്ചാണ്് മൂല്യനിര്‍ണയത്തിനു ഇടവേള നല്‍കിയിരിക്കുന്നത്. വിഷു, അംബേദ്കര്‍ ജയന്തി എന്നിവ പ്രമാണിച്ചു 14നും 15 നും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കില്ല. 54 കേന്ദ്രങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ പരിശോധന നടക്കുന്നത്.

13,000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനു നിയോഗിച്ചിരിക്കുന്നത്. അധ്യാപകര്‍ എത്തേണ്ട മൂല്യനിര്‍ണയക്യാമ്പുകള്‍ അറിയിക്കുന്നതിനു ഓണ്‍ലൈന്‍ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേയ് ആദ്യവാരം എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ്് പ്രതീക്ഷിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഇന്നവസാനിക്കും.