കേരളജനതയെ തെറ്റായ ദിശയിലേക്കു നയിക്കാന്‍ മതമേലധ്യക്ഷന്‍മാരെ അനുവദിക്കുകയില്ല: പിണറായി

single-img
26 March 2012

കേരളജനതയെ തെറ്റായ ദിശയിലേക്കു നയിക്കാന്‍ മതമേലധ്യക്ഷന്‍മാരെ അനുവദിക്കുകയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചങ്ങനാശേരിയില്‍നിന്നു പ്രസ്താവനയിറക്കുന്ന ‘മാന്യദേഹ’വും ഇത് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. രാജ്യത്തെ അഴിമതിക്കു കോണ്‍ഗ്രസാണ് കൂട്ടുനില്‍ക്കുന്നത്. ചാത്തമംഗലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കരസേനയിലെ അഴിമതി സംബന്ധിച്ച് പ്രതിരോധമന്ത്രി എ.കെ.ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. 40,000 കോടിയുടെ ഇടപാടില്‍ കരസേനാ മേധാവിക്ക് 14 കോടി രൂപയാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. കരസേനാ മേധാവി പരസ്യമാക്കുന്നതുവരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടു തയാറായില്ലെന്ന് ആന്റണി പറയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കരയില്‍ ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസിന് പുറത്തുനിന്നുള്ളവരാണു പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് ഇത്തരത്തിലൊരു ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുതിരക്കച്ചവടമാണു നെയ്യറ്റിന്‍കരയില്‍ നടന്നത്. സ്വന്തം പാര്‍ട്ടിയെയും വോട്ടര്‍മാരെയും വഞ്ചിച്ചുവെന്നല്ലാതെ ശെല്‍വരാജിന് എന്തുയോഗ്യതയാണുള്ളത്. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഗൂഢാലോചന തെളിഞ്ഞുകഴിഞ്ഞു. എന്താണു ശെല്‍വരാജിന് വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.