ഭൂമിയുടെ ആഴങ്ങള്‍ തേടി ഏകനായി ജയിംസ് കാമറൂണ്‍

single-img
26 March 2012

പ്രപഞ്ചത്തിലെ മറ്റൊരു ഭൂമിയുടെ കഥ പറഞ്ഞ അവതാറിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്റെ സാഹസിക ചിന്തകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന, ഭൂമിയിലെ ഉയരത്തിലെ കേമനായ എവറസ്റ്റിനെപ്പോലും മുക്കുന്ന മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പിലെത്തിയാണ് കാമറൂണ്‍ ഇത്തവണ ലോകത്തെ അമ്പരപ്പിച്ചത്. പസഫിക് ദ്വീപായ ഗ്വാമിലെ മരിയാന ട്രഞ്ചില്‍ സമുദ്രോപരിതലത്തില്‍ നിന്ന് 35,800 അടി(10.09 കിലോമീററ്റര്‍) ഭൂമിയുടെ താഴേക്കാണ് ജെയിംസ് കാമറൂണ്‍ എത്തിയത്. മരിയാന ട്രഞ്ചിന്റെ അടിത്തട്ടിലേക്ക് ഒറ്റയ്ക്ക് യാത്രചെയ്യുന്ന ആദ്യ വ്യക്തിയെന്ന ബഹുമതി കൂടിയാണ് ഇതോടെ കാമറൂണിനെ തേടിയെത്തിയത്.

ഡീപ്‌സീ ചലഞ്ചര്‍ എന്ന പേരില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത മുങ്ങിക്കപ്പലിലായിരുന്നു കാമറൂണിന്റെ സാഹസിക യാത്ര. സമുദ്രാടിത്തട്ടിലെത്തിയപ്പോള്‍ തന്നെ അക്കാര്യം കാമറൂണ്‍ ട്വീറ്റ് ചെയ്തു. സമുദ്രാടിത്തട്ടില്‍ നിന്ന് ശാസ്ത്രലോകത്തിന് പഠിക്കാനായി ഒരുകൂട്ടം കാര്യങ്ങളും കൊണ്ടാണ് അദ്ദേഹം തിരിച്ചു പോന്നത്. 70 മിനിട്ട് യാത്രയ്ക്കുശേഷം അദ്ദേഹം സമുദ്രോപരിതലത്തിലെത്തി. സ്വിസ് എഞ്ചിനീയറായ ജാക്വസ് പിക്കാര്‍ഡും യുഎസ് നേവി ക്യാപ്റ്റനായ ഡോണ്‍ വാല്‍ഷുമാണ് കാമറൂണിന് മുമ്പ് സംയുക്തമായി അവിടെയെത്തിയ രണ്ടുപേര്‍. 1960നുശേഷം ആദ്യമായാണ് ഒരാള്‍ ചലഞ്ചര്‍ ഡീപ്പിലെത്തുന്നത്. തന്റെ യാത്ര ഒരു ഡോക്യമെന്ററിയായി ചിത്രീകരിക്കാനും കാമറൂണിന് പദ്ധതിയുണ്ട്.