ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു

single-img
26 March 2012

സ്പാനിഷ് ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ജൈത്രയാത്ര. വര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബാഴ്‌സ താരം ലയണല്‍ മെസിക്ക് മറുപടിയെന്നോണം ഏറ്റവും വേഗത്തില്‍ 100 ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റിക്കാര്‍ഡ് റയല്‍ സോസിഡാഡിനെതിരേ രണ്ടു ഗോള്‍ നേടിയതിലൂടെ റൊണാള്‍ഡൊ സ്വന്തമാക്കി. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 5-1 ന് വിജയിച്ചു. ഇതോടെ ലീഗില്‍ കിരീട പോരാട്ടവും റൊ – മെസി ഗോള്‍ വേട്ടയും മുറുകി. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും തമ്മിലാണ് ഇപ്രാവശ്യവും കിരീടപോരാട്ടം. ഗോള്‍ വേട്ടയില്‍ പോരാടുന്നത് റയലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും ബാഴ്‌സലോണയുടെ ലയണല്‍ മെസിയും.

സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് 5-1ന് റയല്‍ സോസിഡാഡിനെയും എതിരാളിയുടെ തട്ടകത്തില്‍ ബാഴ്‌സലോണ 2-0 ന് മല്ലോര്‍ക്കയെയും കീഴടക്കിയതോടെയാണ് കിരീടപോരാട്ടം ശക്തമായത്. നിലവില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയേക്കാള്‍ ആറു പോയിന്റ് മുന്നിലാണ്. 29 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും യഥാക്രമം 75 ഉം 69 ഉം പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് 47 പോയിന്റേ ഉള്ളൂ. റയലിനായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ രണ്ടും ബാഴ്‌സലോണയ്ക്കായി ലയണല്‍ മെസി ഒരു ഗോളും നേടി. ഇതോടെ ഗോള്‍ വേട്ടയിലും റയല്‍ – ബാഴ്‌സലോണ താരങ്ങള്‍ തമ്മില്‍ പോരാട്ടം കടുത്തതായി. ലീഗില്‍ ഇരുവര്‍ക്കും 35 ഗോള്‍ വീതമായി. റൊണാള്‍ഡൊ റിക്കാര്‍ഡ് കുറിച്ചതുകണ്ടുനില്‍ക്കാന്‍ മെസിയും തയാറായില്ല. ഒരു സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റിക്കാര്‍ഡിനൊപ്പം മെസിയുമെത്തി. യൂറോപ്പിലെ പ്രമുഖ മത്സരങ്ങളില്‍നിന്നെല്ലാമായി സീസണില്‍ മെസി 55-ാം ഗോള്‍ നേടിയതോടെയാണിത്. 2002 ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ മാരിയൊ ജാര്‍ഡല്‍ 55 ഗോള്‍ ഒരു സീസണില്‍ നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.