കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍: പാര്‍ലമെന്റ് സ്തംഭിച്ചു

single-img
26 March 2012

സൈനിക വാഹനങ്ങള്‍ വാങ്ങുന്നതിനായി തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ചോദ്യോത്തരവേള ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ രാജ്യസഭയിലും ലോക്‌സഭയിലും ബഹളം വച്ചതിനെത്തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചു.

സൈന്യത്തിന് വാഹനങ്ങള്‍ വാങ്ങുന്നതിനായി തനിക്ക് 14 കോടി രൂപ ഇടനിലക്കാരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സൈനിക മേധാവി ജനറല്‍ വി.കെ. സിംഗിന്റെ വെളിപ്പെടുത്തല്‍. തനിക്ക് മുന്‍പുണ്ടായിരുന്നവര്‍ കോഴ വാങ്ങിയിട്ടുണെ്ടന്ന് ഇയാള്‍ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഷയം പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ശ്രദ്ധതയില്‍ പെടുത്തിയിട്ടുണ്‌ടെന്നും ജനറല്‍ സിംഗ് പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കൈക്കൂലി നല്‍കാതെ രാജ്യത്ത് കാര്യങ്ങള്‍ നടക്കില്ല എന്നതിന് ഉദാഹരണമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തലെന്നും ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.