സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഇഴയുന്നു; 1,121 കേസുകളില്‍ കാലതാമസം

single-img
25 March 2012

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെട്ട അഴിമതിക്കേസുകളുടെ വിജിലന്‍സ് അന്വേഷണം ഇഴയുന്നു. അഴിമതിയും സ്വത്തു സമാഹരണവും ഉള്‍പ്പെടെ 1,121 കേസുകളുടെ വിജിലന്‍സ് അന്വേഷണം ഇപ്പോഴും പാതിവഴിയിലാണ്. പത്തു വര്‍ഷത്തിനു മുമ്പ് അന്വേഷണം ആരംഭിച്ച 90 കേസുകളിലും റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കു കഴിഞ്ഞിട്ടില്ല.

അതേസമയം, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം നടപടിക്കു ശിപാര്‍ശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെയുള്ള 2,589 പേര്‍ക്കെതിരേ ഇനിയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ 12 വര്‍ഷം മുന്‍പു വിജിലന്‍സ് നടപടിക്കു ശിപാര്‍ശ നല്‍കിയ 218 പേരുമുണെ്ടന്നു അടുത്തയിടെ നിയമസഭയുടെ മേശപ്പുറത്തു വച്ച സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പത്തു വര്‍ഷം മുമ്പാരംഭിച്ച രണ്ടു കേസുകള്‍ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണങ്ങളാണു പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണങ്ങളില്‍ 546 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതില്‍ 46 കേസുകളില്‍ പത്തു വര്‍ഷത്തിനു മുമ്പാണു പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച 339 കേസുകളിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.