ഉത്തരകൊറിയയ്ക്ക് ഒബാമയുടെ താക്കീത്

single-img
25 March 2012

ഏപ്രിലിലെ നിര്‍ദിഷ്ട ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനെതിരേ ഉത്തരകൊറിയയ്ക്ക് യുഎസ് പ്രസിഡന്റ് ഒബാമ ശക്തമായ താക്കീതു നല്‍കി. മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടുപോയാല്‍ ഉത്തരകൊറിയ ഒറ്റപ്പെടുമെന്നും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുമെന്നും അദ്ദേഹം ദക്ഷിണകൊറിയന്‍ തലസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ്ബാക്കും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ഏപ്രില്‍ 12നും 16നും മധ്യേ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ച് ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഈയിടെ ഉത്തരകൊറിയ പ്രഖ്യാപിക്കുകയുണ്ടായി. ജപ്പാനും ദക്ഷിണകൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെതിരേ രംഗത്തുവന്നു. വേണ്ടിവന്നാല്‍ മിസൈല്‍ തകര്‍ക്കുമെന്നു ജപ്പാന്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസഹായം ലഭ്യമാക്കുന്നതിനു പകരമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നിര്‍ത്താമെന്നും ആണവപദ്ധതി മരവിപ്പിക്കാമെന്നും നേരത്തെ ഉത്തരകൊറിയ ഉറപ്പുനല്‍കിയിരുന്നു. ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഉത്തരകൊറിയ വാഗ്ദാന ലംഘനത്തിനാണു മുതിരുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ഒബാമ വ്യക്തമാക്കി.